arya

തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതി നേടിയ പുതിയ മേയർ ആര്യ രാജേന്ദ്രൻ ഇന്നലെ നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ചേംബറിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ സന്ദർശിച്ചു. സ്പീക്കർ ഉപഹാരം നൽകി മേയറെ സ്വീകരിച്ചു. പഠന കാര്യങ്ങളെക്കുറിച്ചും തലസ്ഥാന കോർപ്പറേഷന്റെ തുടർ പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം സ്പീക്കർ ചോദിച്ചറിഞ്ഞു. മുമ്പ് ബാലസംഘം പ്രവർത്തകർക്കൊപ്പം നിയമസഭ സന്ദർശിച്ച കാര്യം മേയർ അനുസ്മരിച്ചു. അന്ന് സ്പീക്കർ പേന ഉപഹാരമായി സമ്മാനിച്ചതും ഓർത്തു. അതിന്റെ അനുഗ്രഹമുണ്ടായെന്ന് സ്പീക്കർ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇന്നലെയും ഉപഹാരത്തിനൊപ്പം പേന നൽകിയാണ് സ്പീക്കർ മേയറെ യാത്രയാക്കിയത്. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായരും കൂടിക്കാഴ്ചയിലുണ്ടായിരുന്നു.