
തിരുവനന്തപുരം: സാമൂഹിക ബോധമുള്ള തലമുറയെ വാർത്തെടുക്കാനും, ജനാധിപത്യഘടന കെട്ടുറപ്പോടെ നിലനിൽക്കാനും കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്.എഫ്. ഐ അൻപതാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ നിലനിൽപിന് ആധാരമായ സ്വാതന്ത്ര്യം, സോഷ്യലിസം,ജനാധിപത്യം എന്നിവ ഇല്ലാതാക്കാനുള്ള നടപടികൾ അധികാരത്തിന്റെ പിന്തുണയോടെ നടക്കുന്ന സാഹചര്യമാണിത് . വർഗ്ഗീതയ്ക്കെതിരെ മതനിരപേക്ഷമായ കലാലയങ്ങൾ നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികൾക്ക് കലാലയം രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലാവണം. രാഷ്ട്രീയത്തിലേക്ക് നേതാക്കളെയും പ്രവർത്തകരേയും സംഭാവന ചെയ്യാനുള്ളതല്ല വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ. ത്യാഗമനോഭാവവും സാമൂഹ്യബോധവമുള്ള പൊതുപ്രവർത്തകരെ സൃഷ്ടിക്കുകയാണ് അതിന്റെ ദൗത്യം.
പുതുതലമുറ സേവനതൽപരരും ശാസ്ത്രബോധവമുള്ളവരാണ്. ഒാഖി, നിപ്പ, പ്രളയം, കാലവർഷക്കെടുതി, കൊവിഡ് എന്നിവ സംസ്ഥാനത്തെ ആക്രമിച്ചപ്പോഴൊക്കെ ഇവരുടെ സേവനം വലിയതോതിൽ പ്രയോജനപ്പെട്ടു. സ്ത്രീപങ്കാളിത്തത്തിന്റെ കുറവാണ് പൊതുരംഗത്ത് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്ന്. അത് വലിയ തോതിൽ പരിഹരിക്കാൻ വിദ്യാർത്ഥിപ്രസ്ഥാനങ്ങൾക്കായി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മിടുക്കികളായ പെൺകുട്ടികൾ പ്രതിനിധികളായെത്തിയത് രാഷ്ട്രം തന്നെ ശ്രദ്ധിച്ചു.ഇതിൽ എസ്.എഫ്. ഐ.വഹിച്ച പങ്ക് വലുതാണ്. സാമൂഹ്യനീതിയും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാനും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും എസ്. എഫ്. ഐ തുല്യതയില്ലാത്ത പങ്കാണ് വഹിച്ചത്.
കുത്തകകൾക്കും തീവ്രമതവാദങ്ങൾക്കുമെതിരായ ബഹുജന പ്രക്ഷോഭത്തിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്. എഫ്. ഐ.സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ,പി.കെ. ശ്രീമതി, സി.പി.എം.ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാനസെക്രട്ടറി.കെ.എം. സച്ചിൻദേവ്,തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ, എ.എം. റഹിം, മയൂഖ് വിശ്വാസ,തുടങ്ങിയവർ പങ്കെടുത്തു.