
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും പുത്തൻ പ്രതീക്ഷയിൽ ആവേശത്തോടെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റു. ജില്ലാ ഭരണകൂടവും പൊലീസും ആഘോഷങ്ങൾക്ക് മാനദണ്ഡങ്ങൾ കർശനമാക്കിയിരുന്നെങ്കിലും ആഘോഷ തിമിർപ്പിന് കുറവുണ്ടായിരുന്നില്ല. കോവളം ഉൾപ്പെടെയുള്ള ബീച്ചുകളിൽ ഉത്സവ പ്രതീതിയായിരുന്നു. ആൾക്കൂട്ടത്തിനും കുറവുണ്ടായിരുന്നില്ല. പൊലീസാകട്ടെ ആഘോഷം അതിരുവിടാതിരിക്കാനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാതിരിക്കാനും സദാ ജാഗരൂകരായി. യുവാക്കളുടെ വൻ സംഘമാണ് ആഘോഷത്തിനായി എല്ലായിടത്തും എത്തിയത്. പത്തുമണിക്കുശേഷം ആഘോഷം അവസാനിപ്പിക്കണമെന്ന കർശന നിർദേശമുണ്ടായിരുന്നത് എല്ലാവരേയും നിരാശയിലാക്കി. രാത്രി 12 മണിക്ക് പടക്കംപൊട്ടിച്ചും ഹാപ്പി ന്യൂ ഇയർ ആശംസകൾ നേർന്നും സംഗീതത്തിന്റെ അകടമ്പടിയോടെ നൃത്തച്ചുവടുകൾവച്ചുമുള്ള പതിവ് ആഘോഷം ഇക്കുറി എല്ലാവർക്കും മാറ്റിവയ്ക്കേണ്ടിവന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് പരിശോധിക്കാൻ പ്രത്യേകം പട്രോളിംഗ് സംവിധാനവും ഹൈവേയിൽ ഉണ്ടായിരുന്നു. ഡി.സി.പി ഡോ. ദിവ്യ വി. ഗോപിനാഥിനായിരുന്നു നഗരത്തിലെ സുരക്ഷാ ചുമതല.
ബീച്ചുകളിൽ വൻ തിരക്ക്
കോവളം ബീച്ചിലടക്കം കുടുംബസമേതം ന്യൂ ഇയർ ആഘോഷിക്കാനെത്തിയവരുടെ തിരക്കായിരുന്നു. ശംഖുംമുഖത്തേക്കും ജനങ്ങൾ ഒഴുകിയെത്തിയെങ്കിലും നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ പലരും വൈകാതെ സ്ഥലം വിട്ടു. നഗരത്തിലെ പകുതിയോളം ഹോട്ടലുകളിൽ മാത്രമായിരുന്നു ന്യൂ ഇയർ ആഘോഷം പൊടിപൊടിച്ചത്. അവിടങ്ങളിൽ പാട്ടുപാടിയും നൃത്തംചവിട്ടിയും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. നഗരം പൊലീസിന്റെ കർശന സുരക്ഷയിലായിരുന്നു. ആഘോഷങ്ങൾ 10ന് അവസാനിപ്പിക്കാത്ത സ്ഥലങ്ങളിൽ പൊലീസ് ഇടപ്പെട്ട് അവസാനിപ്പിച്ചു. വർക്കല, കോവളം, വിഴിഞ്ഞം, വലിയതുറ എന്നീ തീരങ്ങളിലായിരുന്നു പൊതുവേ തിരക്ക് കൂടുതൽ. ഇത്തവണ ആൾക്കുട്ടം ഒഴിവാക്കിയതിനാൽ ബീച്ചുകളിൽ പ്രത്യേകം പരിപാടികളൊന്നുമുണ്ടായിരുന്നില്ല.
കർശന പരിശോധനകൾ
പൊഴിയൂരിൽ 27ന് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന് ഡി.ജെ പാർട്ടിക്ക് പിന്നാലെ പൊലീസ് എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. ഇത്തരം ലംഘനങ്ങൾ നടക്കുന്നുണ്ടോയെന്ന് അറിയാൻ പൊലീസിന്റെ ഡ്രോൺ പരിശോധനാ സംവിധാനങ്ങളുമുണ്ടായിരുന്നു. പുതുവത്സര ദിനത്തിൽ നഗരത്തിലേക്ക് ലഹരിയൊഴുക്ക് തടയുന്നതിന്റെ ഭാഗമായി എക്സൈസിന്റെ പ്രത്യേക സംഘവും വിവിധയിടങ്ങളിൽ പരിശോധന നടത്തി.