v

ശിവഗിരി: 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ഗുരു സന്ദേശം ഉയർത്തിക്കാട്ടി എൺപത്തിയെട്ടാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഓൺലൈനിൽ വിദ്യാഭ്യാസ സമ്മേളനവും മാദ്ധ്യമ സമ്മേളനവും നടന്നു. ഗുരുദേവൻ അരുൾ ചെയ്ത ദർശനങ്ങൾ എല്ലാ കാലത്തും പ്രസക്തമാണെന്ന് രണ്ട് സമ്മേളനങ്ങളിലും സംസാരിച്ചവർ പറഞ്ഞു.

മനുഷ്യ സമൂഹം പുതിയ വികസനത്തിന്റെ പാതയിലാണെന്ന് വിദ്യാഭ്യാസ സമ്മേളനത്തിന് തുടക്കം കുറിച്ച് കേരള സർവകലാശാല ബയോഇൻഫോർമാറ്റിക്‌സ് ഡയറക്ടർ ഡോ. അച്യുത് ശങ്കർ പറഞ്ഞു. മനുഷ്യന്റെ ബുദ്ധിശക്തിയെ യന്ത്രം കൊണ്ട് പകരംവയ്‌ക്കാവുന്ന സാഹചര്യം വളർന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യയുടെ പ്രസക്തിയും ആധുനിക മാറ്റവും ഓർമ്മിപ്പിച്ചാണ് എ.പി.ജെ. അബ്ദുൾകലാം ടെക്‌നോളജിക്കൽ വൈസ് ചാൻസലർ പ്രൊഫ. രാജശ്രീ എം.എസ് സംസാരിച്ചത്. സ്‌കൂൾകാലത്ത് ശിവഗിരിയിൽ പ്രസംഗത്തിന് നേടിയ സ്വർണ്ണമെഡൽ ഗുരുദേവന്റെ സ്‌മരണകൾക്കും സിദ്ധാന്തങ്ങൾക്കും മുന്നിൽ സമർപ്പിക്കുന്നു എന്നും രാജശ്രീ പറഞ്ഞു. ഗുരുദേവൻ കാലത്തിനപ്പുറം സഞ്ചരിച്ച ദീർഘദർശി ആയിരുന്നെന്ന് കൊല്ലം സബ് കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. മാംഗ്ലൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സുബ്രഹ്മണ്യ ഇടുപടതായ, എം.ജി. യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂർ, യൂണിവേഴ്സിറ്റി ഓഫ് മുംബയ് പ്രൊഫ. നാരായൺ ശങ്കർ ഗഡാഡെ, എഴുത്തുകാരി പ്രൊഫ. ടി. കനകദുർഗ, ആർട്ടിസ്റ്റ് ജിനൻ എന്നിവരും പ്രഭാഷകരായി.

മാദ്ധ്യമ സമ്മേളനത്തിൽ കേരള കൗമുദി ചീഫ് ന്യൂസ് എഡിറ്റർ ശങ്കർ ഹിമഗിരി,​ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റൻ ഇൻ ചീഫ് എം.ജി. രാധാകൃഷ്ണൻ, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, കൈരളി എം.ഡി. ജോൺ ബ്രിട്ടാസ്, മാതൃഭൂമി ന്യൂസ് ചീഫ് സബ് എഡിറ്റർ ശ്രീജ ശ്യാം, സഫാരി ടി. വി എം.ഡി. സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവർ മുഖ്യ പ്രഭാഷകരായി.