01-house-john-chandy

കോഴഞ്ചേരി: സി.പി.ഐ നേതാവിന്റെ വീടിനു നേരെയുണ്ടായ പടക്കമേറിൽ ജനൽച്ചില്ലുകൾ തകർന്നു. ഭിത്തിക്കും നാശമുണ്ട്. ബുധനാഴ്ച രാത്രി 10.45 നായിരുന്നു സംഭവം.
കോയിപ്രം പഞ്ചായത്ത് 13ാം വാർഡ് മുൻ അംഗം കൂടിയായ തട്ടയ്ക്കാട് കുന്നത്തുങ്കര വഞ്ചിപത്ര മലയിൽ ജോൺ ചാണ്ടിയുടെ വീടിനു നേർക്കാണ് ബൈക്കിലെത്തിയ രണ്ടുപേർ പടക്കവും ഗുണ്ടും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടന്നുകളഞ്ഞത്. വീടിന്റെ ഭിത്തികൾക്കും നാശം സംഭവിച്ചു. തുടരെ പടക്കം പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ സംഘം രക്ഷപ്പെടുകയായിരുന്നു. നാല് വർഷം മുമ്പും സമാന രീതിയിൽ ആക്രമണം നടന്നിരുന്നു. കോയിപ്രം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി പി ഐ യും സി.പി.എമ്മും പരസ്പരം മത്സരിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു.
ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പിഐയുടെ നേതൃത്വത്തിൽ കരിയില മുക്കിൽ പ്രതിഷേധ യോഗം ചേർന്നു. മണ്ഡലം കമ്മിറ്റി അംഗം ടി.ജി.വർഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റെനി രാജു, സതീഷ്, കെ.എസ്. ജോൺ എന്നിവർ പ്രസംഗിച്ചു.