
തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ വിളിച്ചുചേർത്ത നിയമസഭാ സമ്മേളനത്തിന്റെ ചെലവ് സി.പി.എം വഹിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനം അനാവശ്യവും അപ്രസക്തവുമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രവും കർഷകരും നടത്തിയ ചർച്ച വിജയമാണ്. പിന്നെ എന്തിന് വേണ്ടിയാണ് സാമ്പത്തിക ബാദ്ധ്യതയ്ക്കിടെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടിയതെന്ന് സർക്കാർ വ്യക്തമാക്കണം. നിയമസഭാ തിരഞ്ഞെടുപ്പിന് കൂട്ടുകെട്ട് വേദിയൊരുക്കാൻ സി.പി.എം -യു.ഡി.എഫ് നീക്കം നടത്തുന്നതിന്റെ ഭാഗമായാണ് നിയമസഭാ സമ്മേളനം. സ്വന്തം പഞ്ചായത്തിൽ സി.പി.എമ്മിനെ പിന്തുണച്ച രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കാൻ യോഗ്യനല്ല.. ലൈഫ് പദ്ധതികളിലടക്കം മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റെന്നാണ് നെയ്യാറ്റിൻകര സംഭവം തെളിയിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.