mohan-bhagavath

തിരുവനന്തപുരം: സമൂഹത്തിൽ ഗുണപരമായ മാറ്രങ്ങൾ ഉണ്ടാക്കാൻ ഓരോ മുക്കിലും മൂലയിലും നല്ല വ്യക്തികളെ വളർത്തിയെടുക്കണമെന്ന് ആ‌ർ.എസ്. എസ് സർസംഘചാലക് ഡോ.മോഹൻഭാഗവത് നിർദ്ദേശിച്ചു. വ്യക്തിശുദ്ധിയും നാടിനെ നയിക്കാൻ കഴിയുന്നവരെയുമാണ് വളർത്തിയെടുക്കേണ്ടത്. ഇവർക്ക് 130 കോടി ജനങ്ങളിലും പരിവർത്തനം എത്തിക്കാൻ കഴിയും.

സംസ്കൃതി ഭവനിൽ വിവിധ ശ്രേണികളിലെ ആ‌ർ.എസ്.എസ് പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹമാണ് വ്യക്തികളേക്കാൾ വലുത്. നല്ല രാഷ്ട്രം ഉണ്ടാവണമെങ്കിൽ നല്ല സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കണം. ഇതിനായി സമൂഹത്തിന്റെ വിവിധ ശ്രേണികളിൽ ആ‌ർ.എസ്. എസ് പ്രവർത്തകരുടെ സാന്നിദ്ധ്യം ഉണ്ടാവണമെന്നും ആ‌ർ.എസ്. എസ് പ്രവർത്തനം സർവ സ്പർശിയായി മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഉച്ചയ്ക്ക് ശേഷം ആ‌ർ.എസ്. എസ് സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുത്തു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള ജനസമ്പർക്ക യജ്ഞം ജനുവരി അവസാനം തുടങ്ങാൻ യോഗം തീരുമാനിച്ചു.

ആർ.എസ്.എസ് സഹ സർകാര്യവാഹ് മുകുന്ദ്, തമിഴ്‌നാടും കേരളവും ഉൾപ്പെട്ട ദക്ഷിണഭാരത ക്ഷേത്രീയ സംഘചാലക് ഡോ.വന്നിയ രാജൻ, പ്രചാരക് സെന്തിൽ ,അഖില ഭാരതീയ പ്രവർത്തക സമിതി അംഗം എസ്.സേതുമാധവൻ,സംസ്ഥാന പ്രചാരക് പി.എൻ.ഹരികൃഷ്ണകുമാർ, വിഭാഗ് സംഘചാലക് പ്രൊഫ.എം.എസ്.രമേശൻ, ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ.സ‌‌ഞ്ജയൻ തുടങ്ങിയവർ പങ്കെടുത്തു. ഏഴ് മണിയോടെ മോഹൻഭാഗവത് മുംബയിലേക്ക് മടങ്ങി.