പാറശാല:ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ശിവലിംഗ നിർമ്മാണത്തിലൂടെ പ്രശസ്തിയാർജിച്ച മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനത്തെ ബഹുമതിയായി ലഭിച്ച ലിംക ബുക്ക് ഒഫ് റെക്കാഡ്സിന്റെ സർട്ടിഫിക്കറ്റ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി രക്ഷാധികാരിയും മുൻ കൊളീജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറുമായ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് മേൽശാന്തി കുമാർ മഹേശ്വരം, ട്രസ്റ്റ് മെമ്പർ ബി.അനിൽകുമാർ, ഓലത്താന്നി അനിൽ എന്നിവർ പങ്കെടുത്തു. ലിംക ബുക്ക് ഒഫ് റെക്കാഡ്സിലും, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിലും, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും ഇടം നേടിയ ശിവലിംഗം ഗിന്നസ് ബുക്ക് ഒഫ് റെക്കാഡ്സിലും ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു.