
ഇരവിപുരം: മാരകായുധങ്ങളുമായി എത്തി വീട്ടമ്മയെ വീടുകയറി ഭീഷണിപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തിലെ ഒരാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഡിപ്പോ പുരയിടം സി.ആർ.എ നഗർ 205 മുനിസിപ്പൽ ഫ്ലാറ്റിൽ അനീഷാണ് (31) പിടിയിലായത്. സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ നടത്തിവരികയാണ്.
ഇക്കഴിഞ്ഞ 19ന് രാത്രി പത്തരയോടെ മുണ്ടയ്ക്കലായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായി മുഖംമൂടി ധരിച്ചെത്തിയ ഒൻപതംഗ സംഘം മാരകായുധങ്ങൾ കാട്ടി വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പ്രതികൾ കടന്നത്.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇരവിപുരം പൊലീസ് സംഭവ സ്ഥലത്തും പരിസരങ്ങളിലുമുള്ള നിരീക്ഷണ കാമറകൾ പരിശോധിച്ചു. കാമറാ ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അനീഷ് പിടിയിലായത്.
കോളേജ് ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, ജി.എസ്.ഐ ജയകുമാർ, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ രാജേഷ് കുമാർ, മനോജ്, സി.പി.ഒ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.