
തിരുവനന്തപുരം: കൊവിഡിൽ സ്കൂൾ മുറ്റങ്ങൾ അടഞ്ഞപ്പോൾ വീടുകൾ ക്ളാസ് മുറികളായി. ഓൺലൈൻ ക്ളാസുകൾ വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായിരുന്നു. കൊവിഡ് കാലത്തെ വിദ്യാഭ്യാസത്തെപ്പറ്റി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറയുന്നു.
ഓൺലൈൻ ക്ളാസുകൾ എത്രമാത്രം വിജയം കണ്ടു?
ഡിജിറ്റൽ പഠനം ഒരു പരീക്ഷണമായിരുന്നു. കൊവിഡ് പ്രതിസന്ധിഘട്ടത്തിൽ കുട്ടികളുടെ അക്കാഡമിക് സജീവത നിലനിറുത്തുവാൻ മറ്റു വഴികളില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം ലോകനിലവാരത്തിലുള്ളതായതിനാൽ ഡിജിറ്റൽ പഠനമാകാമെന്ന് തീരുമാനിച്ചു. ജൂൺ ഒന്നിന് തന്നെ അക്കാഡമിക് വർഷം ആരംഭിച്ചു. 94 ശതമാനം കുട്ടികൾക്കും ഡിജിറ്റൽ പഠന സൗകര്യമുണ്ടായിരുന്നുവെന്നത് റെക്കാഡാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ജനപിന്തുണയോടെ 100 ശതമാനം കുട്ടികൾക്കും സൗകര്യമൊരുക്കി. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഈ രീതിയിൽ വ്യാപകമായി ഡിജിറ്റൽ പഠനം നടക്കുന്നില്ല. പ്രതിസന്ധിയെ അഭിമുഖീകരിക്കുക എന്ന തലത്തിൽ നിന്ന് നോക്കുമ്പോൾ ഡിജിറ്റൽ പഠനം വിജയമായിരുന്നു.
പൂർത്തിയാകാത്ത പാഠഭാഗങ്ങൾ എങ്ങനെ പഠിപ്പിക്കും?
ജനുവരി 15 ന് മുമ്പ് എസ്.എസ്.എൽ.സി പാഠഭാഗങ്ങളും 31 ന് മുമ്പ് പ്ളസ് ടു പാഠഭാഗങ്ങളും പൂർത്തിയാക്കും. തുടർന്ന് ക്ളാസ് റൂം റിവിഷൻ നടത്തും.
ഒൻപതാം ക്ളാസ് വരെയുള്ളവരുടെ പഠനവും പരീക്ഷയും?
ഒൻപതാം ക്ളാസ് പരീക്ഷയെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനനുസരിച്ച് ആലോചിക്കും.
ആത്മവിശ്വാസത്തോടെ സ്കൂളിൽ വരണം: മന്ത്രി ശൈലജ
തിരുവനന്തപുരം: കൊവിഡ് കെട്ടടങ്ങാത്ത സാഹചര്യത്തിൽ ആത്മവിശ്വാസത്തോടെ കുട്ടികൾ സ്കൂളിലേക്ക് പോകണമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വിദ്യാർത്ഥികളാരും പേടിച്ച് സ്കൂളിലെത്താതിരിക്കരുത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം
ശ്രദ്ധിക്കാൻ
വീട്ടിൽ നിന്ന് മാസ്ക് ധരിച്ചിറങ്ങുക
മാസ്ക് താഴ്ത്തി സംസാരിക്കരുത്
ശാരീരിക അകലം പാലിക്കുക
കൂട്ടം കൂടരുത്
ജനലും വാതിലും തുറന്നിടണം
ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണം
അടുത്തിരുന്ന് ഭക്ഷണം കഴിക്കരുത്
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുത്
പേന, പെൻസിൽ, പുസ്തകങ്ങൾ കൈമാറരുത്
കുടിവെള്ളം പ്രത്യേകം കുപ്പിയിൽ കൊണ്ടുവരണം.
പനി, ചുമ, ശ്വാസതടസം, ജലദോഷം എന്നിവയുള്ള
വർ സ്കൂളിൽ വരരുത്
നന്നായി ആഹാരം കഴിക്കുക, ധാരാളം വെള്ളം
കുടിക്കുക. രാത്രിയിൽ എട്ട് മണിക്കൂർ ഉറങ്ങുക.
എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം
മനസിലാക്കാൻ പ്രയാസം
വീട്ടിലടച്ച കാലം കഷ്ടമായിരുന്നു. കളിയും ചിരിയുമില്ലാതെ ആകെ സങ്കടകരം. കൂട്ടുകാരികളുമായി വാട്സ്ആപ്പിലൂടെയാണ് കാര്യങ്ങൾ കൈമാറിയത്. അതും വിക്ടേഴ്സ് ചാനലിലെ ക്ളാസുകളെപ്പറ്റി. ക്ളാസുകളൊന്നും മനസിലായില്ല. തുടക്കത്തിൽ രണ്ട് മാസം വലിയ കുഴപ്പമില്ലായിരുന്നു. പിന്നീട് ഒന്നും പിടി കിട്ടാതായി. എനിക്ക് ട്യൂഷനുള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു. ട്യൂഷനില്ലാത്തവർ വലിയ കഷ്ടത്തിലാണ്.
ഗാഥ. പി.വൈ,
പത്താം ക്ളാസ് വിദ്യാർത്ഥിനി
കോട്ടൺഹിൽ , തിരുവനന്തപുരം