
വികസനമുന്നേറ്റത്തിന്റ പൂർണത ആവശ്യം:എ. വിജയരാഘവൻ
വികസന രംഗത്ത് വലിയ മാറ്റമുണ്ടാക്കിയ എൽ.ഡി.എഫ് സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന വർഷമാണിത്. വികസനമുന്നേറ്റത്തിന്റ പൂർണത ആവശ്യമാണ്. സാമൂഹിക സുരക്ഷ, അടിസ്ഥാന വികസനം തുടങ്ങിയ ദിശകളിലേക്കുള്ള മുന്നേറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണ്. അതിന്റെ തുടർച്ച അനിവാര്യമാണ്. ആ രീതിയിൽ കേരളം മുന്നോട്ട് പോകാനിരിക്കുകയാണ്. മതവർഗീയ ചേരിതിരിവും വിദ്വേഷ രാഷ്ട്രീയവും ദുർബലപ്പെടുത്തണം. അതിന് സഹായകമായ പ്രക്ഷോഭമാണ് കർഷകർ നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ സമരത്തിനുശേഷം ഇങ്ങനെയൊരു സമരം അപൂർവമാണ്. കർഷകരുടെയും ജനങ്ങളുടെയും പ്രശ്നം ഉയർത്തിക്കാട്ടുന്ന ജനകീയ സമരമാണിത്. യഥാർത്ഥ മനുഷ്യരെ വിസ്മരിച്ചുകഴിഞ്ഞിരുന്ന കാലത്ത് അവരെ ഈ സമരം അടയാളപ്പെടുത്തിയിരിക്കുന്നു. ഇത്തരം സമരങ്ങൾ വിപുലീകരിക്കണം. അതുണ്ടാവും. സമരങ്ങളിലൂടെയാണ് രാജ്യത്തിന്റെ ഭാവി ശക്തിപ്പെടുത്തുക. പുതുവർഷത്തെ കാണുന്നതും ആ രീതിയിലാണ്.
പ്രത്യാശയുടെയും ആഹ്ളാദത്തിന്റെയും വർഷമാകട്ടെ: ചെന്നിത്തല
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മാനവരാശി അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ വർഷം കടന്ന് പോയത്. ഭീതിയുടെയും ആശങ്കയുടെയും ഇരുണ്ട വർഷമാണ് 2020 ന്റെ അസ്തമയത്തോടെ കൊഴിഞ്ഞ് വീഴുന്നത്. 2021 നെ നമ്മൾ വലിയ പ്രത്യാശയോടെ ഉറ്റ് നോക്കുകയാണ്. കൊവിഡ് എന്ന മഹാമാരിക്കുള്ള ഔഷധം ഉടനെത്തുമെന്നതും അത് എല്ലാ മനുഷ്യർക്കും പ്രാപ്യമാകുമെന്നുമുള്ള വാർത്തകൾ വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നമുക്ക് നൽകുന്നത്. അങ്ങനെ 2021 എന്നത് പ്രത്യാശയുടെയും ആഹ്ളാദത്തിന്റെയും വർഷമാകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആശംസിക്കുകയാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വർഷമാണ് 2021.
രാജ്യം തലയുയർത്തി നിൽക്കും:കെ.സുരേന്ദ്രൻ
കഴിഞ്ഞത് കൊവിഡിന്റെ വർഷം മാത്രമല്ല, കൊവിഡ് പോലുള്ള പ്രതിസന്ധികളിൽ നിന്ന് മുക്തമാകുന്ന ലോകത്തിന്റെ കൂടി ഒരു വർഷം കൂടിയായിരുന്നു.
ഒരു പ്രതിസന്ധിക്കും നമ്മെ തകർക്കാനാവില്ല എന്ന ഇന്ത്യക്കാരന്റെ ശുഭാപ്തിവിശ്വാസത്തിന്റെയും കർമ്മോത്സുകതയുടെയും കൂടി പ്രഖ്യാപനമാണ് നാം കണ്ടത്. കൊവിഡിന് വാക്സിൻ എത്തിയത് ആശ്വാസപ്രദമാണ്.
ആഗോളതലത്തിൽ നാം ഇന്ന് തല ഉയർത്തിയാണ് നിൽക്കുന്നത്. ലോക രാജ്യങ്ങൾ നമ്മെ അംഗീകരിക്കുന്നു. സാമ്പത്തിക രംഗത്തെ താത്കാലിക തിരിച്ചടികളെ നാം അതിജീവിച്ചുകഴിഞ്ഞു.
വ്യാവസായികമായും സാങ്കേതികമായും നാം വളരെ വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
പ്രാർത്ഥനയോടെ പുതുവർഷത്തെ സ്വീകരിക്കാം
കടന്നുപോയ വർഷം എല്ലാം കൊണ്ടും അസുഖംപിടിച്ചതായിരുന്നു. ഒരു വർഷത്തോളം മറ്റൊന്നും അലോചിക്കാൻ പറ്റാത്ത അവസ്ഥയിൽ നമ്മൾ എത്തിപ്പെട്ടുപോയി. ഒരാൾക്ക് വേറൊരാളെ ശകാരിക്കാനോ മുഖംകറുപ്പിച്ച് കാണിക്കാനോ ദേഷ്യപ്പെടാനോ ഒന്നും സൗകര്യമില്ലാതായി എന്നൊക്കെ തമാശയ്ക്ക് പറയാമെങ്കിലും പരസ്പരമുള്ള ആശയവിനിമയത്തിന് വലിയ പരിമിതി ഉണ്ടായി. വിദ്യാഭ്യാസവും തൊഴിൽശാലകളുടെ ഉത്പാദനവും സർക്കാർ ഓഫീസുകളിലെ ഹാജർ പോലും വല്ലാതെ കുറഞ്ഞു പോയി. അരക്ഷിതാവസ്ഥ പലപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു. വിലക്കയറ്റം പോലുള്ള പ്രശ്നങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
-സി.രാധാകൃഷ്ണൻ,
എഴുത്തുകാരൻ
വിദ്യാത്ഥികൾ പറയുന്നു
'വീട്ടിലിരുന്ന് മടുത്തു. പള്ളിക്കൂടത്തിൽ പോവണം. കൂട്ടുകാരെയും ടീച്ചർമാരെയുമൊക്കെ കാണണം. ടീച്ചർമാർ ക്ലാസിൽ വരാത്തപ്പോ എനിക്ക് ലീഡറാകാമാരുന്നു. വർത്തമാനം പറയുന്നവരുടെ പേരൊക്കെ എഴുതി വെച്ചിട്ട് രാജാവായി ഒരു നിൽപ്പുണ്ട്. പിന്നെ ശത്രുരാജ്യത്തെ രാജാവിനെപ്പോലെയാകും കൂട്ടുകാരുടെ പെരുമാറ്റം. ഉച്ചക്ക് കൂട്ടുകാരൊന്നിച്ച് ഭക്ഷണം കഴിച്ചിരുന്നത് എന്തു രസമായിരുന്നു. ഇടയ്ക്കൊക്കെ ടീച്ചർമാരുടെ കൊട്ട് കിട്ടിയിരുന്നു. ഇപ്പോ എല്ലാം പോയി.
- നീരജ് ആർ,എം.എസ്.സി എൽ.പി എസ്
മൈലപ്ര, ക്ലാസ് 4
'കൊവിഡ് കാലത്ത് സുഹൃത്ബന്ധങ്ങൾ നിലച്ചു. ഓൺലൈൻ ക്ലാസുകൾക്കോ, ഗൂഗിൾ മീറ്റുകൾക്കോ സൗഹൃദം നിലനിർത്താനാകുന്നില്ല. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണല്ലോ. പക്ഷേ ചങ്ങാതികളായി ലാപ്ടോപ്പും, ടാബും, മൊബൈൽ ഫോണും ഒക്കെയാണ്. ആശ്രയമാകുന്ന തണൽ മരങ്ങൾ പോലെയാണ് നല്ല സുഹൃത്തുക്കളുടെ കൂട്ടായ്മ. അത് നഷ്ടപെടുന്നത് ഒരു സങ്കടം തന്നെയാണ്".
- എയ്ൻജെൽ എൽസാ മാത്യു,
പത്താം ക്ലാസ് വിദ്യാർത്ഥിനി
റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, കോന്നി
'കൊവിഡ് വന്ന് സ്കൂളൊക്കെ അടച്ച് വീട്ടിലിരുപ്പായി. എന്തായാലും ടീച്ചർമാരും അമ്മമാരും ഞങ്ങളെ കുറ്റം പറഞ്ഞ മൊബൈൽ, കമ്പ്യൂട്ടർ, ടിവി ഒക്കെ ഞങ്ങടെ കൂട്ടുകാരായി എന്നതാണ് കൊവിഡ് വന്നപ്പോഴുണ്ടായ മാറ്റം. സ്കൂളിലേക്കുള്ള പോക്ക് തന്നെ എന്ത് രസമായിരുന്നു എന്ന് ഇപ്പഴാ മനസിലായത്. മുഖാവരണം ധരിച്ച്, അകലം പാലിച്ച് ഒക്കെ വേണ്ടെ വരാൻ. ഇതൊക്കെ ഒരു ശീലമായെങ്കിലും ടീച്ചർമാരുടെ പുഞ്ചിരിയും, ഞങ്ങടെ പുഞ്ചിരിയും മറച്ചുള്ള പഠനം, ടീച്ചർമാരുടെ സ്നേഹം ഇതൊക്കെ അന്യമാകുമല്ലോ".
- നവീൻ റെജി,ക്ലാസ് 10, എസ്.എച്ച് എച്ച്.എസ്.എസ് മൈലപ്ര