viswan
വിശ്വൻ എന്ന വിശ്വനാഥൻ

മാനന്തവാടി: പ്രമാദമായ വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ ജില്ലാ കോടതിയിൽ ആരംഭിച്ചു. 72 സാക്ഷികളുള്ള കേസിലെ ഒന്നു മുതൽ ഏഴു വരെ സാക്ഷികളിൽ മൂന്നുപേരെയാണ് കഴിഞ്ഞ ദിവസം വിസ്തരിച്ചത്. നാല് പേരെ ഒഴിവാക്കി.

സംഭവം കണ്ട് ആദ്യം പൊലീസിൽ വിവരമറിയിച്ച ഒന്നാം സാക്ഷി, ഇൻക്വസ്റ്റ് നടപടികളിലെ രണ്ടാം സാക്ഷി, ആയുധം കണ്ടെത്തിയപ്പോഴുണ്ടായിരുന്ന മൂന്നാം സാക്ഷി എന്നിവരെയാണ് കഴിഞ്ഞ ദിവസം വിസ്തരിച്ചത്. ദമ്പതികളെ കൊലപ്പെടുത്താനായി ഉപയോഗിച്ച ആയുധം കോടതിയിൽ വെച്ച് മൂന്നാം സാക്ഷി തിരിച്ചറിഞ്ഞു.

2018 ജൂലൈ ആറിനാണ് വെള്ളമുണ്ട കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ (26), ഭാര്യ ഫാത്തിമ (19) എന്നിവർ വെട്ടേറ്റ് മരിച്ചത്.

കൂടുതൽ സാക്ഷിവിസ്താരം ഈ മാസം 8,9 തിയ്യതികളിലേക്ക് കോടതി മാറ്റിവെച്ചു. 8 മുതൽ 14 വരെ സാക്ഷികളെ 8 നും, 14 മുതൽ 20 വരെ സാക്ഷികളെ 9നും വിസ്തരിക്കും. പ്രതിക്ക് വേണ്ടി സർക്കാർ നിയോഗിച്ച അഡ്വ. ഷൈജു മാണിശ്ശേരിയും പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസഫ് മാത്യുവും കോടതിയിൽ ഹാജരായി.

ജാമ്യം ലഭിക്കാതെ കണ്ണൂർ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി തൊട്ടിൽപ്പാലം സ്വദേശി കലുങ്ങോട്ടുമ്മൽ മരുതോറയിൽ വിശ്വൻ എന്ന വിശ്വനാഥനെയും കോടതിയിലെത്തിച്ചിരുന്നു.

പ്രത്യക്ഷ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകത്തിൽ രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ 90 ദിവസത്തിനകം കുറ്റപത്രം തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ദമ്പതികളെ കൊലപ്പെടുത്തി പത്ത് പവനോളം സ്വർണ്ണാഭരണമായിരുന്നു പ്രതി മോഷണം നടത്തിയത്.

ഏറെ പ്രമാദമായ കേസ് മാനന്തവാടി ഡിവൈ.എസ്.പി കെ.ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു അന്വേഷിച്ച് പ്രതിയെ പിടികൂടി കുറ്റപത്രം സമർപ്പിച്ചത്.