മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിയിലെ കൊവിഡ് രോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭ്യമാക്കുന്നതിനായുള്ള ടെലി ഐ.സി.യുവിന്റെ പ്രവർത്തനം ആരംഭിച്ചു. ഇനി മുതൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് ഈ സംവിധാനത്തിലൂടെ പരിശോധിക്കാൻ കഴിയും.

ജില്ലാ ആശുപത്രിയിലെ കൊവിഡ് ഐസിയുവിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെ ഐ.സി.യു കമാൻഡ് റൂമുമായി ബന്ധിപ്പിച്ചാണ് ടെലി ഐ.സി.യു പ്രവർത്തനം. ടെലി ഐ.സി.യു വാർഡുകളിൽ റൗണ്ട്‌സ് നടത്തുമ്പോൾ ഇവിടങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള വെബ് ക്യാമറകളിലൂടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെ ഗ്രിഡിലിരുന്ന് വിദഗ്ധ ഡോക്ടർമാർക്ക് തത്സമയം രോഗികളെ നേരിൽ കണ്ടും, അവരുടെ പരിശോധന ഫലങ്ങൾ മനസ്സിലാക്കിയും ആവശ്യമായ ചികിത്സ നിർദേശിക്കാൻ കഴിയും.

അത്യാസന്ന നിലയിലുള്ള രോഗികളെ മെഡിക്കൽ കോളേജ് വരെ ഓക്‌സിജനും മറ്റും നൽകി എത്തിക്കേണ്ട അപകടകരമായ സാഹചര്യമാണ് ഇതോടെ ഒഴിവാക്കാൻ കഴിയുന്നത്.

എൻ.എച്ച്.എം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുംപരിശീലനം നൽകി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: എ.പി.ദിനേശ് കുമാർ കൊവിഡ് ജില്ലാ നോഡൽ ഓഫീസർ ഡോ: പി.ചന്ദ്രശേഖരൻ, ആശുപത്രി ആർ.എം.ഒ ഡോ. സി.സക്കീർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.