ele

സുൽത്താൻ ബത്തേരി: തിരഞ്ഞെടുപ്പിന് വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്വതന്ത്രന്മാരുടെ പ്രകടനം നിർണായകമാകുന്നു. മത്സരിക്കുന്ന വാർഡിലെയും ഡിവിഷനിലെയും ജയപരാജയങ്ങൾ തീരുമാനിക്കുന്നേടം വരെയെത്തി സ്വതന്ത്രരുടെ ഇടപെടൽ. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥിയെ കടത്തിവെട്ടി വിജയം നേടിയാലും അത്ഭുതപ്പെടാനില്ല. സുൽത്താൻ ബത്തേരി നഗരസഭയിലും നൂൽപ്പുഴ പഞ്ചായത്തിലുമാണ് സ്വതന്ത്ര 'ശല്യം' കൂടുതൽ. സ്വതന്ത്രനായി നിൽക്കുന്നവർ ഏതെങ്കിലും പാർട്ടിയുടെ അനുഭാവിയാണെങ്കിൽ എതിർ പാർട്ടിക്കാരന് സന്തോഷമാണ്. എന്നാൽ ചില സ്വതന്ത്രർ മുഖ്യധാര രാഷ്ട്രിയ പാർട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ മൂന്ന് സ്വതന്ത്രന്മാരടക്കം ആറ് പേരാണ് മത്സര രംഗത്തുള്ളത്. യു.ഡി.എഫിലെ ബെന്നി കൈനിക്കൽ, എൽ.ഡി.എഫിലെ എ.കെ.കുമാരൻ,എൻ.ഡി.എയിലെ പത്മനാഭൻ എന്നിവർക്ക് പുറമെ സ്വതന്ത്രന്മാരായ സണ്ണി തയ്യിൽ, കുമാരൻ, സണ്ണി എന്നിവർ മാറ്റുരയ്ക്കുന്നു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായ സണ്ണി തയ്യിൽ ഇരു മുന്നണികൾക്കും ഭീഷണിയായി വോട്ടർമാർക്കിടയിൽ സ്വാധീനമുറപ്പിച്ചിരിക്കുകയാണ്. ബത്തേരി നഗരസഭയിൽ മന്തൊണ്ടിക്കുന്ന് ഡിവിഷനിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും പുറമെ മത്സര രംഗത്തുള്ളത് സ്വതന്ത്രനാണ് . ഇവിടെ എൻ.ഡി.എക്ക് സ്ഥാനാർത്ഥികളില്ല. കോൺഗ്രസ് പ്രവർത്തകരായ ചിലരാണ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് സ്വതന്ത്രനെ നിർത്തിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.രാജേഷ്‌കുമാറും എൽ.ഡി.എഫിലെ ടോംജോസിനുമൊപ്പം അബ്ദുൾസലാമാണ് സ്വതന്ത്രനായി മത്സരരംഗത്തുള്ളത്.
നഗരസഭയിലെ കട്ടയാട് ഡിവിഷനിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് പുറമെ രണ്ട് സ്വതന്ത്രന്മാരുമുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായ നിഷ സാബു പ്രചാരണത്തിൽ ഏറെ മുന്നേറി കഴിഞ്ഞു. മുൻ നഗരസഭ ചെയർമാനായ ടി.എൽ.സാബുവിന്റെ ഭാര്യയാണ് . യു.ഡി.എഫ് സ്ഥാനാർത്ഥിയായി ശാലിനി രാജേഷും എൽ.ഡി.എഫിൽ ജയന്തി ശശീന്ദ്രനും എൻ.ഡി.എയിൽ വിനിറ്റ ഷാജിയും ജനവിധി തേടുന്നു. വെൽഫയർ പാർട്ടി പ്രതിനിധിയാ ജസിന മുജീബ് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ട്.
സ്വതന്ത്രർ ഏറെ മുന്നേറിയ രണ്ടു ഡിവിഷനുകളാണ് തൊടുവട്ടിയും കല്ലുവയലും. തൊടുവട്ടിയിൽ സ്വതന്ത്രനായി മൽസരിക്കുന്നത് അസൈനാറാണ്. ഇവിടെ യു.ഡി.എഫിന്റെ അസീസ് മാടാലയും എൽ.ഡി.എഫിന്റെ പി.എം.ബീരാനുമാണ് . എൻ.ഡി.എക്കുവേണ്ടി എ.എം.സുധീറും രംഗത്തുണ്ട്. കല്ലുവയലിൽ രണ്ട് സ്വതന്ത്രൻ രംഗത്തുണ്ട്. ഇതിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ശശികുമാർ യു.ഡി.എഫിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സാജുവാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൽ.ഡി.എഫിന്‌ വേണ്ടി സലീം മഠത്തിൽ മത്സരിക്കുന്നു. അലക്‌സാണ് എൻ.ഡി.എ സ്ഥാനാർത്ഥി . ഇല്യാസാണ് ഈ ഡിവിഷനിലെ മറ്റൊരു സ്വതന്ത്രൻ.