sreemathi
മേപ്പാടിയിലെ എൽ.ഡി.എഫ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പി.കെ. ശ്രീമതി പ്രവർത്തകർക്കൊപ്പം

കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ ഇടതിന്റെ തേരാളിയായി മുന്നണി നിർത്തിയിരിക്കുന്നത് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിയെയാണ്. ഒരു മാസമായി വിശ്രമമില്ലാതെ ജില്ലയിലെ മലഞ്ചെരുവുകൾ ആവേശത്തോടെ കയറിയിറങ്ങുകയാണവർ. ഒാരോ പ്രവർത്തകരെയും പേരെടുത്ത് വിളിക്കാനുളള പരിചയം. മന്ത്രിയായിരുന്നപ്പോഴും മഹിളാ നേതാവായി പ്രവർത്തിക്കുമ്പോഴും വയനാട്ടിലെ മനുഷ്യരെയും മണ്ണിനെയും അടുത്തറിഞ്ഞതിന്റെ ആത്മവിശ്വാസത്തോടെ അവർ ആസൂത്രണം ചെയ്യുന്ന തിരഞ്ഞെടുപ്പ് 'തന്ത്രങ്ങൾ' പ്രവർത്തകരിലും ഏറെ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. "ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് തിരിച്ച് പിടിക്കുമെന്നും വെങ്ങപ്പളളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേദിക്ക് താഴെ നിന്ന് പി.കെ.ശ്രീമതി കേരളകൗമുദിയോട് പറയുമ്പോൾ പ്രവർത്തകരും എന്തെന്നില്ലാത്ത ആവേശത്തിലാണ്. അടുക്കും ചിട്ടയുമായ പ്രവർത്തനമാണ് ജില്ലയിൽ ഇടത് മുന്നണി കാഴ്ചവെക്കുന്നത്. ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത് വയനാടിന്റെ ചുമതലക്കാരിയായ പി.കെ.ശ്രീമതിയും. വെങ്ങപ്പളളിയിലേതായിരുന്നു ഇന്നലത്തെ ആദ്യ പ്രചാരണ പരിപാടി. പിണറായി വിജയൻ സർക്കാരിന്റെ നാലര വർഷക്കാലത്തെ നേട്ടങ്ങൾ കേരള ജനത നെഞ്ചിലേറ്റിയിട്ടുണ്ടെന്ന് ശ്രീമതി പറയുന്നു. പിണറായി സർക്കാരാണ് ജനങ്ങളുടെ പ്രതീക്ഷ.പട്ടിണി എന്തെന്നറിഞ്ഞില്ല. ദുരിതവും. ഇൗ സർക്കാരിനോടുളള വിശ്വാസം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടർമാർ രേഖപ്പെടുത്തും. അത് ഇടത് മുന്നണിക്കുളള അംഗീകാരമായിരിക്കുമെന്നും ശ്രീമതി പറഞ്ഞു നിർത്തി. ഒരു മാസം മുമ്പാണ് പി.കെ.ശ്രീമതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുരം കയറിയത്. കുടുംബ യോഗങ്ങൾ, പാർട്ടി യോഗങ്ങൾ,തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ...അങ്ങിനെ നീളും ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ. വെറുതെ പ്രസംഗിച്ച് പോവുകയല്ല, ഒാരോ വോട്ടർമാരെയും എങ്ങനെ സമീപിക്കണമെന്നുവരെയുളള തന്ത്രങ്ങളാണ് ആവിഷ്ക്കരിക്കുന്നത്. കുടുംബ യോഗങ്ങൾ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. പ്രാദേശിക പ്രശ്നങ്ങൾ പോലും കുടുംബ യോഗങ്ങളിലൂടെ പരിഹരിക്കാനായെന്ന് ശ്രീമതി പറയുന്നു. ഇന്നലെ കോട്ടത്തറ,കണിയാമ്പറ്റ, കമ്പളക്കാട്, തരിയോട് എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. സമാപനം വെളളമുണ്ടയിലായിരുന്നു. ശ്രീമതിയുടെ പ്രസംഗം കേൾക്കാനെത്തുന്ന ജനക്കൂട്ടം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി പ്രവർത്തകർ.