
കൽപ്പറ്റ: വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് നീക്കുപോക്ക് ബന്ധമുണ്ടെന്ന യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സന്റെ ആവർത്തിച്ചുള്ള നിലപാട് പരസ്യമായി തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.കോൺഗ്രസ് നിലപാട് ആധികാരികമായി പറയേണ്ടത് യു.ഡി.എഫ് കൺവീനറല്ല; കെ.പി.സി.സി പ്രസിഡന്റിന്റേതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. വെൽഫെയർ പാർട്ടി ഉൾപ്പെടെ മുന്നണിയ്ക്കു പുറത്തുള്ള ഒരു കക്ഷിയുമായും യു.ഡി.എഫിന് ബന്ധമില്ല. പ്രാദേശികമായി നീക്കുപോക്കുകളുണ്ടെങ്കിൽ അത് പരിശോധിക്കും.
സി.പി.എം വർഗ്ഗീയപ്രചാരണം
നടത്തുന്നു: ഹസ്സൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുന്തോറും സി.പി.എം വർഗ്ഗീയപ്രചരണം നടത്തുന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെൽഫെയർ പാർട്ടി - യു.ഡി.എഫ് ധാരണയിൽ ആശയക്കുഴപ്പത്തിനാണ് മാദ്ധ്യമപ്രവർത്തകർ ശ്രമിക്കുന്നത്. ഭൂരിപക്ഷ- ന്യൂനപക്ഷ വർഗ്ഗീയത മുതലെടുക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ട്. മുസ്ലിം സംഘടനകളുടെ സഹായം തേടാൻ സ്വതന്ത്ര ചിഹ്നത്തിൽ സി.പി.എം മത്സരിക്കുന്നു.
എസ്.ഡി.പി.ഐക്കാരുടെ പിന്തുണയ്ക്കായി പിറകെ നടക്കുകയാണ് സി.പി.എം. മലബാറിലും തിരുവിതാംകൂറിലും വെവ്വേറെ പ്രസംഗങ്ങളാണ് നടത്തുന്നത്. മുഖ്യമന്ത്രി മുതൽ ഏരിയ സെക്രട്ടറി വരെ ഉള്ളവർ അഴിമതിയാരോപണം നേരിടുന്നു. വെൽഫെയർപാർട്ടി ബന്ധവുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാലിന്റെ വിമർശനങ്ങളെപ്പറ്റി ചോദിച്ചപ്പോൾ മറുപടി പറയാനില്ലെന്ന് പറഞ്ഞ് ഹസ്സൻ ഒഴിഞ്ഞുമാറി. പ്രതിപക്ഷത്തിന്റെ വിലയിരുത്തലല്ല തദ്ദേശ തിരഞ്ഞെടുപ്പ്. പ്രതിപക്ഷ നേതാക്കൾക്കെതിരായ കള്ളക്കേസുകൾ നിലനിൽക്കില്ല. നടക്കുന്നത് പ്രതികാര രാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ രാജിക്കായി ശക്തമായ പ്രക്ഷോഭം നടത്തും.