 
അമ്പലവയൽ: വയനാട്ടിലെ ആദ്യകാല സിപി എം നേതാവ് അമ്പലവയൽ മലയിൽ വീട്ടിൽ എൻ. വാസുദേവൻ (92) നിര്യാതനായി. സെന്റ് മാർട്ടിൻ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
ഭാര്യ: ജഗദമ്മ (റിട്ട. അദ്ധ്യാപിക, അമ്പലവയൽ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: അനിൽകുമാർ (കേരള ഗ്രാമീൺ ബാങ്ക്, കണിയാമ്പറ്റ), അജിത്കുമാർ, (അഹമ്മദാബാദ്), അജയ്‌കുമാർ, അശോക്‌കുമാർ (യു.എസ്.എ). മരുമക്കൾ: ബിന്ദു, രാധ, അലീന.
അമ്പലവയൽ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം, അമ്പലവയൽ ലോക്കൽ സെക്രട്ടറി, കർഷകസംഘം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒടുവിൽ പാർട്ടി അമ്പലവയൽ ടൗൺ ബ്രാഞ്ച് അംഗമായിരുന്നു.
അമ്പലവയൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ലോക്കൽ ലൈബ്രറി അതോറിറ്റി ചെയർമാൻ എന്ന നിലയിലും പ്രവർത്തിച്ചു.
മുതുകുളം സ്വദേശിയായ വാസുദേവൻ വിദ്യാർത്ഥി കോൺഗ്രസ് പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും അംഗമായിരുന്നു. 1964-ലാണ് വയനാട്ടിലെത്തിയത്. ജില്ലയിൽ നിരവധി കർഷക പ്രക്ഷോഭങ്ങൾ നയിച്ച ഇദ്ദേഹം ഏറെ നാളായി അമ്പലവയൽ ആയിരംകൊല്ലിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു.
സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ നടന്നു.