മാനന്തവാടി: മാനന്തവാടി തോണിച്ചാൽ ബ്ലോക്ക് ഡിവിഷനിൽ മത്സരം കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് ഗ്രൂപ്പുകൾ തമ്മിൽ. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടോർച്ച് അടയാളത്തിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ മേബിൾ ജോയിയും സ്വതന്ത്ര സ്ഥാനാർത്ഥിയായി കുട അടയാളത്തിൽ ജോസഫ് വിഭാഗത്തിലെ അഡ്വ: എൽബി മാത്യു വുമാണ് മത്സര രംഗത്ത് ഉള്ളത്.
ഇരുവരും പ്രചാരണത്തിൽ സജീവമായപ്പോൾ ആരോപണ പ്രത്യാരോപണങ്ങളും കൊഴുത്തു. ഒരു വിഭാഗം ജില്ലാ കളക്ടർക്ക് പരാതി നൽകിയപ്പോൾ മറുവിഭാഗം വക്കീൽ നോട്ടീസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നറിയിച്ചു.
കോൺഗ്രസിന് സീറ്റ് നൽകാതിരുന്നതും ഇതിനിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ബ്‌ളോക്ക് ഡിവിഷൻ രൂപീകരിച്ചത് മുതൽ ജോസഫ് വിഭാഗത്തിനായിരുന്നു ഈ സീറ്റ് നൽകിയിരുന്നത്. ഒരു തവണ ജോസഫ് വിഭാഗം സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ യു.ഡി.എഫ് നേതൃത്വം ജേക്കബ് വിഭാഗത്തിന് സീറ്റ് നൽകുകയായിരുന്നു. തങ്ങൾക്ക് തന്ന വാഗ്ദാനം നിരാകരിച്ച്, മുന്നണി മര്യാദ പാലിക്കാതിരുന്ന യു.ഡി.എഫിലെയും കോൺഗ്രസ്സിലെയും ചിലരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയതെന്ന് സംസ്ഥാന കമ്മിറ്റി അംഗം ജോസ് തലച്ചിറ പറഞ്ഞു.
താലൂക്കിലെ 7 പഞ്ചായത്തുകളിലും, നഗരസഭയിലും ഒരു സീറ്റ് പോലും യു.ഡി.എഫ് ഘടകകക്ഷിയായ ജോസഫ് വിഭാഗത്തിന് നൽകിയിട്ടില്ല, ഈ ഡിവിഷനിൽ ബ്‌ളോക്ക് പഞ്ചായത്തംഗവും, മഹിള കോൺഗ്രസ്സ് ജില്ലാ ഭാരവാഹിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും സമർദ്ദത്തെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
അഡ്വ. എൽബി മാത്യുവിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ജേക്കബ്ബ് വിഭാഗം കളക്ടർക്ക് പരാതി നൽകി. എന്നാൽ വ്യക്തിഹത്യ നടത്തുന്നതിനെതിരെ വക്കീൽ നോട്ടീസയയ്ക്കുമെന്ന് എൽബി മാത്യുവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ദിര പ്രേമചന്ദ്രനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ യും രംഗത്തുണ്ട്.