jilla-


കൽപറ്റ: ജില്ലാ പഞ്ചായത്തിൽ ആര് അധികാരത്തിൽ എത്തുമെന്നതിൽ വോട്ടെടുപ്പു കഴിഞ്ഞിട്ടും വ്യക്തതയില്ലാതെ മുന്നണികൾ.

തിരുനെല്ലി (വനിത),എടവക (പട്ടികജാതി),തവിഞ്ഞാൽ (പട്ടികവർഗ വനിത),പടിഞ്ഞാറത്തറ (ജനറൽ), വെള്ളമുണ്ട (ജനറൽ) പൊഴുതന (ജനറൽ),മേപ്പാടി (പട്ടികവർഗം),തോമാട്ടുചാൽ (വനിത),അമ്പലവയൽ (ജനറൽ), മീനങ്ങാടി (വനിത), മുട്ടിൽ (ജനറൽ), ചീരാൽ (ജനറൽ), പുൽപള്ളി (വനിത), മുള്ളൻകൊല്ലി (വനിത), കണിയാമ്പറ്റ (വനിത), പനമരം (വനിത) എന്നീ 16 ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത്. ഇതിൽ കുറഞ്ഞതു ഒമ്പതു ഡിവിഷനുകളിൽ വിജയിക്കുന്ന മുന്നണിയ്ക്കു ഭരണത്തിലെത്താം.

എൻ.ഡി.എ 16 സീറ്റുകളിലും സ്ഥാനാർത്ഥിയെ നിറുത്തിയെങ്കിലും ഒരിടത്തും വിജയം പ്രതീക്ഷിക്കുന്നില്ല. പക്ഷേ, പലയിടത്തും ആരു ജയിക്കുമെന്നത് എൻ.ഡി.എ പിടിക്കുന്ന വോട്ട് അനുസരിച്ചിരിക്കും. ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുമെന്നു മറ്റു രണ്ടു മുന്നണികളുടെയും നേതാക്കൾക്കു നിസംശയം പറയാൻ കഴിയുന്നില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിവിഞ്ഞാലിൽ കോൺഗ്രസിലെ എ.പ്രഭാകരൻ മാസ്റ്റർ, തിരുനെല്ലിയിൽ സി.പി.എമ്മിലെ എ.എൻ.പ്രഭാകരൻ,പനമരത്ത് മുസ്‌ലിം ലീഗിലെ പി.കെ.അസ്മത്ത്, മുള്ളൻകൊല്ലിയിൽ കോൺഗ്രസിലെ വർഗീസ് മുരിയൻകാവിൽ, പുൽപള്ളിയിൽ കോൺഗ്രസിലെ അഡ്വ.ഒ.ആർ.രഘു,കണിയാമ്പറ്റയിൽ മുസ്‌ലിംലീഗിലെ പി.ഇസ്മയിൽ,മീനങ്ങാടിയിൽ സി.പി.എമ്മിലെ സി.ഓമന,ചീരാലിൽ സി.പി.എമ്മിലെ ബിന്ദു മനോജ്,തോമാട്ടുചാലിൽ കോൺഗ്രസിലെ പി.കെ.അനിൽകുമാർ,അമ്പലവയലിൽ സി.പി.എമ്മിലെ എൻ.പി.കുഞ്ഞുമോൾ,മുട്ടിലിൽ കോൺഗ്രസിലെ കെ.മിനി,മേപ്പാടിയിൽ ജെ.ഡി.യുവിലെ അനില തോമസ്,പൊഴുതനയിൽ സി.പി.എമ്മിലെ പി.എൻ.വിമല,പടിഞ്ഞാറത്തറയിൽ മുസ്‌ലിംലീഗിലെ കെ.ബി.നസീമ, വെളളമുണ്ടയിൽ മുസ്‌ലിംലീഗിലെ എ.ദേവകി,എടവകയിൽ കോൺഗ്രസിലെ ടി.ഉഷാകുമാരി എന്നിവരാണ് വിജയികളായത്.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു ചോദിക്കുമ്പോൾ 11 സീറ്റു വരെ ലഭിക്കാമെന്ന ഒഴുക്കൻ പ്രതികരണമാണ് യു.ഡി.എഫ് നേതാക്കളിൽ പലർക്കും.എൽ.ഡി.എഫ് വിജയം സുനിശ്ചിതമെന്നു കരുതുന്ന മണ്ഡലങ്ങളുടെ എണ്ണം ഒരു കൈയിലെ വിരലുകളിൽ എണ്ണാൻ മാത്രവുമില്ല.
ഇക്കുറി മുട്ടിൽ, മുള്ളൻകൊല്ലി, തോമാട്ടുചാൽഡിവിഷനുകളിലാണ് വിജയം സുനിശ്ചിതമെന്നു കോൺഗ്രസ് നേതാക്കൾ കരുതുന്നത്. പൊഴുതന, പുൽപള്ളി, എടവക, തവിഞ്ഞാൽ ഡിവിഷനുകളിൽ വിജയസാദ്ധ്യതയേ കാണുന്നുള്ളൂ. ചീരാൽ,അമ്പലവയൽ,തിരുനെല്ലി ഡിവിഷനുകളിൽ പാർട്ടി വിജയപ്രതീക്ഷയിലല്ല. അഞ്ചു സീറ്റുകളിൽ മത്സരിച്ചതിൽ കണിയാമ്പറ്റ,പടിഞ്ഞാറത്തറ,വെള്ളമുണ്ട ഡിവിഷനുകളിലാണ് മുസ്‌ലിം ലീഗിനു ശുഭപ്രതീക്ഷ.പനമരം,മേപ്പാടി ഡിവിഷനുകളുടെ കാര്യത്തിൽ നേതാക്കൾക്കു അത്ര ഉറപ്പില്ല. മീനങ്ങാടി ഡിവിഷനിൽ മത്സരിച്ച കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിനും വിജയസ്വപ്‌നങ്ങളില്ല.
സി.പി.എം മത്സരിച്ചതിൽ തിരുനെല്ലി, ചീരാൽ, അമ്പലവയൽ, മീനങ്ങാടി ഡിവിഷനുകളിലെ വിജയത്തിൽ എൽ.ഡി.എഫിനു സന്ദേഹമില്ല.പൊഴുതന, പുൽപള്ളി, തവിഞ്ഞാൽ, തോമാട്ടുചാൽ, പനമരം, എടവക ഡിവിഷനുകളെ സാദ്ധ്യതാപട്ടികയിലാണ് സി.പി.എം നിർത്തിയിരിക്കുന്നത്. മേപ്പാടി, പുൽപള്ളി ഡിവിഷനുകളിലാണ് സി.പി.ഐ മത്സരിച്ചത്. രണ്ടിടത്തും നേരിയ വിജയസാദ്ധ്യതയാണ് പാർട്ടി ജില്ലാ നേതൃത്വം കാണുന്നത്. വെള്ളമുണ്ട ഡിവിഷനിൽ ജനതാദൾ എസ് വിജയ പ്രതീക്ഷയിലാണ്. കേരള കോൺഗ്രസ് എമ്മിനു നൽകിയ മുള്ളൻകൊല്ലിയിലും ഐ.എൻ.എല്ലിനു അനുവദിച്ച മുട്ടിലിലും എൽ.ജെ.ഡിക്കു കൊടുത്ത പടിഞ്ഞാറത്തറയിലും അദ്ഭുതം സംഭവിക്കുമെന്ന അഭിപ്രായം എൽ.ഡി.എഫ് നേതാക്കൾക്കില്ല.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിയ്ക്കനുകൂലമായ തരംഗം ഉണ്ടായിരുന്നില്ലെന്നു വിവിധ പാർട്ടി നേതാക്കൾ പറയുന്നു. രാഷ്ടീയം ചർച്ചാവിഷയമായില്ലെന്ന അഭിപ്രായവും പലർക്കുമുണ്ട്. തിരഞ്ഞെടുപ്പു പൊതുയോഗങ്ങളിൽ രാഷ്ട്രീയ വിശദീകരണം നടന്നിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ പനമരവും കൽപറ്റയും മാനന്തവാടിയും യു.ഡി.എഫും ബത്തേരി എൽ.ഡി.എഫും നിലനിർത്തുമെന്ന അഭിപ്രായമാണ് വിവിധ പാർട്ടി നേതാക്കളിൽ പൊതുവെ. നഗരസഭകളിൽ മാനന്തവാടി എൽ.ഡി.എഫിനും കൽപറ്റയും ബത്തേരിയും യു.ഡി.എഫിനും ലഭിക്കുമെന്നു അനുമാനിക്കുന്നവരാണ് കൂടുതലും.