udf

കൽപ്പറ്റ: വമ്പൻമാർ പലരും വീണ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും ഞെട്ടൽ. ജില്ലാ പഞ്ചായത്തിൽ ആകെയുളള പതിനാറ് സീറ്റിൽ എട്ട് സീറ്റുവരെ നേടിയെടുക്കാനായി എന്നതാണ് ഇടത് മുന്നണിക്കുളള നേട്ടം. ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ഇനി നറുക്കെടുപ്പിൽ തീരുമാനിക്കും.

ബ്ളോക്ക് പഞ്ചായത്തുകളിൽ സുൽത്താൻ ബത്തേരി നിലനിർത്തിയപ്പോൾ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പിടിച്ചെടുക്കാൻ സാധിച്ചു എന്നതാണ് ഇടത് മുന്നണിയുടെ മറ്റൊരു നേട്ടം.

എന്നാൽ മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും ഇടത് മുന്നണിക്ക് സംസ്ഥാനത്തെ മൊത്തം തരംഗത്തിനൊപ്പം നിൽക്കാനായില്ല.

ആകെയുളള മൂന്ന് മുനിസിപ്പാലിറ്റികളിൽ ബത്തേരി ലഭിച്ചപ്പോൾ കൽപ്പറ്റയും മാനന്തവാടിയും യു.ഡി.എഫ് പിടിച്ചെടുത്തത് ഇടത് മുന്നണിക്കേറ്റ വലിയ പ്രഹരമായി.

ജില്ലയിൽ ഗ്രാമ പഞ്ചായത്തുകളും ഇടത് മുന്നണിയെ കൈവിട്ടു. കഴിഞ്ഞ തവണ ജില്ലയിൽ മൃഗീയ ഭൂരിപക്ഷം നേടിയ എൽ.ഡി.എഫിന് ഏഴ് സീറ്റിൽ ഒതുങ്ങേണ്ടി വന്നു. യു.ഡി.എഫിന് ലഭിച്ചത് കഴിഞ്ഞ തവണ എൽ.ഡി.എഫിന് കിട്ടിയ അതേ വിജയം. 16 ഗ്രാമ പഞ്ചായത്തുകളാണ് യു.ഡി.എഫിനൊപ്പം പോയത്.

യു.ഡി. എഫ് കുത്തകയായിരുന്ന പഞ്ചായത്തുകൾ ഇടത് മുന്നണി പിടിച്ചെടുത്തു.

മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലാണ് ജില്ലയിൽ വമ്പൻമാരുടെ പതനം ഏറെയും കണ്ടത്. കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചുവെങ്കിലും അദ്ധ്യക്ഷനായി നിശ്ചയിച്ചിരുന്ന മുൻ നഗരസഭാ ചെയർമാൻ പി.പി.ആലി തുർക്കി ഡിവിഷനിൽ നിന്ന് മൂന്ന് വോട്ടിന് പരാജയപ്പെട്ടു. മുസ്ലീം ലീഗിലെ സി.മൊയ്തീൻകുട്ടി അമ്പത് വോട്ടിന് പരാജയപ്പെട്ടു. എൽ.ഡി.എഫ് മുൻ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷും പെരുന്തട്ടയിൽ 21 വോട്ടിന് പരാജയപ്പെട്ടു.

മാനന്തവാടി മുനിസിപ്പാലിറ്റിയി സി.പി.എം ജില്ലാ കമ്മറ്റി മെമ്പറും ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.എം.വർക്കി, മുൻ നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ടി.ബിജു,വൈസ് ചെയർമാൻ പ്രതിഭാ ശശി എന്നിവരൊക്കെ പരാജയപ്പെട്ടു.

ഇടത് മുന്നണിക്ക് വിജയിക്കാൻ ഏറ്റവും അനുകൂല സാഹചര്യമായിരുന്നിട്ടും മാനന്തവാടിയിൽ അമിത പ്രതീക്ഷ വിനയായി.

മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പിടിച്ചെടുത്തതാണ് ഇടത് മുന്നണിയുടെ വിജയം.തോണിച്ചാൽ ഡിവിഷനിൽ യു.ഡി.എഫിലെ രണ്ട് കേരളാ കോൺഗ്രസുകാർ പരസ്പരം കൊമ്പ് കോർത്തത് ഇടത് മുന്നണിക്ക് അനുകൂലമായി. മുസ്ലീം ലീഗിന്റെ കോട്ടയായ വെളളമുണ്ടയിൽ ഇടത് മുന്നണി വിജയം നേടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വെളളമുണ്ടയിൽ നിന്ന് എൽ.ജെ.ഡിയിലെ ജുനൈദ് കൈപ്പാണിയെന്ന ചെറുപ്പക്കാരൻ മിന്നുന്ന വിജയം കരസ്ഥമാക്കി. മുസ്ലീം ലീഗ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.കെ.അസ്മത്തിനെയാണ് ജുനൈദ് മലർത്തിയടിച്ചത്. സുൽത്താൻ ബത്തേരിയിലും ലീഗിന്റെ സ്ഥാനാർത്ഥികൾ ഏറെയും പരാജയപ്പെട്ടു.