കൽപ്പറ്റ: ത്രിതല പഞ്ചായത്ത് തിരഞ്ഞെ‌ടുപ്പിൽ കേരളം മുഴുവൻ ആഞ്ഞടിച്ച ഇടത് തരംഗത്തിൽ വയനാട് ഉൾപ്പെടാതെ പോയത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ കാരണം. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കൈമോശം വരാൻ ഇടയാക്കിയതെന്ന് വിലയിരുത്തൽ.

രണ്ട് മുനിസിപ്പാലിറ്റികൾ ഇടത് മുന്നണിക്ക് നഷ്ടമായി. ജില്ലാ ആസ്ഥാനത്തെ കൽപ്പറ്റ മുനിസിപ്പാലിറ്റിയും മാനന്തവാടി മുനിസിപ്പാലിറ്റിയും അട്ടിമറിയിലൂടെ യു.ഡി.എഫ് കരസ്ഥമാക്കി. പ്രാദേശിക വികാരങ്ങൾ കണക്കിലെടുക്കാതെ നേതൃത്വത്തിന്റെ തെറ്റായ വിലയിരുത്തൽ കൊണ്ടാണ് രണ്ട് സിറ്റിംഗ് മുനിസിപ്പാലിറ്റികൾ നഷ്ടമായത്.

കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ രണ്ടര വർഷത്തെ വികസന പ്രവർത്തനങ്ങൾ നേട്ടമാക്കാൻ കഴിയാതെ പോയി. നേതാക്കൾ തമ്മിലുളള അഭിപ്രായ വ്യത്യാസം സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിഴലിച്ചു.

മാനന്തവാടി മുനിസിപ്പാലിറ്റിയിലും ഇതുതന്നെയാണുണ്ടായത്. പാർട്ടിയെ നയിക്കേണ്ടവർ കൂട്ടത്തോടെ സ്ഥാനാർത്ഥികളാവുകയാണ് മാനന്തവാടിയിൽ ഉണ്ടായത്. ഇടത് മുന്നണിക്ക് വ്യക്തമായ സ്വാധീനമുളള പ്രധാനപ്പെട്ട ഡിവിഷനുകളിൽ പരാജയപ്പെട്ടു. സി.പി.എം ഏരിയാ സെക്രട്ടറി പോലും മത്സരിക്കാൻ ഇറങ്ങിയത് ചർച്ചാ വിഷയമായി. തിരഞ്ഞെ‌ടുപ്പ് തന്ത്രങ്ങൾ ആവിഷ്ക്കരിക്കാൻ ഇവിടെ ആളില്ലാതെ പോയി. സ്ഥാനാർത്ഥി നിർണ്ണയത്തിന് ഇഷ്ടം പോലെ സമയം ഉണ്ടായിട്ടും കഴിവുളള സ്ഥാനാർത്ഥികളെ കണ്ടെത്താനായില്ല.

ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലും താളപ്പിഴകളുണ്ടായി. യു.ഡി.എഫിൽ വ്യാപകമായി റെബലുകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടും അതൊന്നും അനുകൂലമാക്കി മാറ്റാൻ കഴിഞ്ഞില്ല.

ജില്ലയിലെ പല പ്രമുഖരും തിരഞ്ഞെടുപ്പിൽ കടപുഴകി വീണു. അമിതമായ വിശ്വാസം സീറ്റുകൾ നഷ്ടപ്പെടുത്താൻ ഇടയാക്കി. ജില്ലയിൽ മാതൃകാപരമായ പ്രവർത്തനം വെളളമുണ്ടയിലായിരുന്നു. ആസൂത്രണം ചെയ്ത നീക്കം അവിടെയുണ്ടായപ്പോൾ തകർന്ന് വീണത് ജില്ലയിലെ മുസ്ലീം ലീഗിന്റെ കോട്ടയാണ്.

ബത്തേരി മുനിസിപ്പാലിറ്റിയിലും ചിട്ടയായ പ്രവർത്തനം വഴി യു.ഡി.എഫിന്റെ മുന്നേറ്റം തടയാൻ കഴിഞ്ഞു. മുസ്ലീം ലീഗ് സഥാനാർത്ഥികൾ സുൽത്താൻബത്തേരിയിലും പരാജയപ്പെട്ടു.