സുൽത്താൻ ബത്തേരി: മൂന്നര പതിറ്റാണ്ട് ഇടതു മുന്നണി ഭരിച്ചു വന്ന നൂൽപ്പുഴ പഞ്ചായത്ത് ഇടതു മുന്നണിക്ക് നഷ്ടമായി. സി.പി.എമ്മിലെ പ്രമുഖ നേതാക്കളെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞുവെന്ന് മാത്രമല്ല, വോട്ടിംഗ് ശരാശരിയിൽ വളരെ പിറകോട്ട്‌ പോവുകയും ചെയ്തു.

ചില വാർഡുകളിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രവർത്തകരുടെ മനസ് കാണാതെ പാർട്ടി തീരുമാനമെടുത്തതാണ് ഇതിനു കാരണമെന്നും ഇത് മറ്റ് വാർഡുകളിലും ബാധിച്ചതാണ് പഞ്ചായത്ത് ഭരണം തന്നെ ഇടതു മുന്നണിക്ക് നഷ്ടമാകാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നു.
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ കൊട്ടനോട് വാർഡിൽ ഇടത് വിമതനായി മൽസരിച്ച സണ്ണി തയ്യിൽ സി.പി.എം. സ്ഥാനാർത്ഥിയായ എ.കെ.കുമാരനെ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളിയാണ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്. 436 വോട്ടുകളാണ്‌ അദ്ദേഹം നേടിയത്. കോൺഗ്രസിലെ ബൈന്നി കൈനിക്കലിന് 320 വോട്ട് കിട്ടിയപ്പോൾ എ.കെ.കുമാരന് ലഭിച്ചത് വെറും 165 വോട്ടാണ്.

എൽ.ഡി.എഫിന്റെ സ്ഥിരം വാർഡിലാണ് പാർട്ടിക്ക് ഇത്തരത്തിലൊരു തിരിച്ചടിയുണ്ടായത്.

പാർട്ടിയുടെ പ്രമുഖനായ കെ.എം.പൗലോസിന്റെ പരാജയത്തിനും ഒരു പരിധി വരെ കാരണമായത് ഇതുതന്നെയാണ്.
തിരഞ്ഞടുപ്പ് പ്രഖ്യാപനം വന്നപ്പോൾ തന്നെ മുൻ ബ്രാഞ്ച് സെക്രട്ടറിയായ സണ്ണി തയ്യിലിനെ കോട്ടനോട് വാർഡിൽ സ്ഥാനാർത്ഥിയാക്കണമെന്ന് പ്രവർത്തകരിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിരവധി തവണ ജനപ്രതിനിധിയായിരുന്നിട്ടുള്ള എ.കെ.കുമാരനെയാണ് പാർട്ടി സ്ഥാനാർത്ഥിയാക്കിയത്.

തൊട്ടടുത്ത മൂന്നാം വാർഡിലും പാർട്ടി അണികളുടെ ആവശ്യം അംഗീകരിക്കാതെയാണ് പലതവണ മൽസരിച്ച കെ.എം.പൗലോസിനെ സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ സണ്ണിയെ കോട്ടനോട് വാർഡിൽ തന്നെ മൽസരിപ്പിക്കാൻ വാർഡിലെ ആളുകൾ തീരുമാനിച്ചു. സണ്ണി മൽസര രംഗത്ത് ഇറങ്ങിയതോടെ പർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. പാർട്ടി അണികളിൽ വലിയ വിഭാഗം സണ്ണിയെ പിന്തുണച്ചതോടെ ഇത് മറ്റ് വാർഡുകളിലും പ്രതിഫലനം ഉണ്ടാക്കി. ഇതിന്റെ അനന്തരഫലം പഞ്ചായത്ത് ഭരണം നഷ്ടമായി എന്നതിനു പുറമെ ജില്ലാ പഞ്ചായത്തിലും വോട്ടിംഗ് നിലയിൽ കുറവ് വരുത്താനിടയാക്കി.
നെന്മേനിയിലും പൂതാടിയിലും ഭരണ വൈകല്യവും അപ്രസക്തരായ സ്ഥാനാർത്ഥികളുമാണ് പരാജയത്തിന് കാരണമായത്. തിരഞ്ഞടുപ്പ് സമയത്ത് മാത്രം രംഗത്തെത്തി എങ്ങിനെയെങ്കിലും സ്ഥാനാർത്ഥി പട്ടികയിൽ കയറികൂടുക എന്ന ലക്ഷ്യവുമായി ഇറങ്ങുന്നവരെയും, ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നവരെയും മാറ്റി നിർത്തിയില്ലെങ്കിൽ വിമതർ ഇനിയും ജയിക്കുമെന്നാണ് അഭിപ്രായമുയരുന്നത്.