
കൽപ്പറ്റ: കല്പറ്റ അനന്തവീര തീയേറ്ററിന് മുന്നിലെ ഓട്ടോ ബേയിൽ കെ.എൽ 12 എഫ് 2450 വണ്ടി എത്താതിരിക്കില്ല. പക്ഷേ, ഡ്രൈവർ സീറ്റിൽ ഇനി കുറച്ചു കാലത്തേക്ക് കെ.എം തൊടി മുജീബ് കാണില്ലെന്നു മാത്രം. ഇന്ന് മുതൽ കല്പറ്റ നഗരസഭാ ചെയർമാന്റെ കസേരയിലായിരിക്കും മുജീബിന്റെ ഇരിപ്പ്. നഗരസഭയുടെ ഭരണചക്രം തിരിക്കുക ഈ ലീഗ് കൗൺസലറായിരിക്കും.
യു.ഡി.എഫിലെ ധാരണ പ്രകാരം മുസ്ലിം ലീഗിന് ചെയർമാൻ പദവി രണ്ടര വർഷത്തേക്കാണ്. വൈസ് ചെയർമാൻ പദവി കോൺഗ്രസിനും. അടുത്ത രണ്ടര വർഷം തിരിച്ചും അധികാരം പങ്കുവെക്കും.
മുജീബിന് ഇതൊരു ചരിത്രനിയോഗം പോലെയാണ്. നേരത്തെ രണ്ട് തവണ ഇദ്ദേഹം കല്പറ്റ നഗസഭയിലേക്ക് മത്സരിച്ചിരുന്നു. കഴിഞ്ഞ തവണ സമ്മർദ്ദമുണ്ടായിരുന്നെങ്കിലും വിട്ടുനിന്നു. മൂന്ന് തവണ തുടർച്ചയായി സ്ഥാനാർത്ഥിയാവാത്തുതുകൊണ്ടു തന്നെ ഇത്തവണ ലീഗ് നിർബന്ധപൂർവം മത്സരരംഗത്തിറക്കി. സി.പി.എമ്മിലെ ബാബുവിനെ പരാജയപ്പെടുത്തിയാണ് മുജീബ് ചെയർമാൻ പദവിയിലേക്ക് എത്തുന്നത്.
'എല്ലാം പടച്ചോന്റെ കളി... അല്ലാതെന്ത് 'എന്നാണ് പുതിയ നിയോഗത്തെക്കുറിച്ച് മുജീബിന് പറയാനുളളത്.
ആദ്യം ഓടിച്ചിരുന്ന ഒാട്ടോറിക്ഷയുടെ പേര് ഡയാന എന്നായിരുന്നു. അങ്ങനെ ഡയാന മുജീബ് എന്ന് അറിയപ്പെടാൻ തുടങ്ങി. പിന്നീട് ഡയാനയ്ക്ക് ശേഷം സ്വന്തമാക്കിയ ഓട്ടോയ്ക്ക് മുഹമ്മദ് റസൽ എന്ന് പേരിട്ടു.
ഓട്ടോ ഡ്രൈവറുടെ പണിയ്ക്കൊപ്പം സാമൂഹിക - രാഷ്‌ട്രീയ പ്രവർത്തന രംഗത്തും സജീവമായിരുന്നു. 2005-ൽ ജന്മനാടായ എമിലിയിൽ സ്ഥാനാർത്ഥിയാവാൻ നറുക്ക് വീണു. സി.പി.എമ്മിലെ കരുത്തനായ സി.കെ.ശിവരാമാനോട് അന്ന് അടിയറവ് പറയേണ്ടി വന്നു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഗ്രാമത്തുവയലിൽ നിന്നു സുഗതനെ തോല്പിച്ച് ആദ്യമായി കൗൺസിലറായി. പ്രവർത്തന മികവ് പരിഗണിച്ച് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ചുമതലയിലുമെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് സമ്മർദ്ദമേറെയുണ്ടായിട്ടും
മത്സരിക്കാൻ വഴങ്ങിയില്ല. ഇൗ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചു. വിജയിക്കുകയും ചെയ്തു.
''അളളാഹുവിന്റെ കല്പന ചെയർമാൻ പദവിയിലിരിക്കാനാണ്. എന്നു കരുതി ഇത്രയും കാലം അന്നം തന്ന ഒാട്ടോ റിക്ഷ എന്നേക്കുമായി ഉപേക്ഷിക്കില്ല. തത്കാലം ആർക്കെങ്കിലും ഒാടിക്കാൻ കൊടുക്കണം. അതാണല്ലോ ഉപജീവന മാർഗം"" ... മുജീബ് പറയുന്നു.
ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് മുജീബിന്റെ കുടുംബം.