dyfi
വെള്ളമുണ്ട ടൗൺ ശുചീകരണത്തിന് ഡിവൈ.എഫ്.ഐ പ്രവർത്തകർ സംഘടിച്ചപ്പോൾ

വെള്ളമുണ്ട: വെള്ളമുണ്ട ടൗൺ ശുചീകരണം ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാതൃകയായി.

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ഉജ്ജ്വലവിജയം നേടിയ ഇടതുപക്ഷ മെമ്പർമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ മുന്നോടിയായി നാട്ടുകാർക്ക് സ്‌നേഹസമ്മാനമെന്ന നിലയിലായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ശ്രമദാനയജ്ഞം. പഞ്ചായത്ത് ആസ്ഥാനമായ എട്ടേനാൽ ടൗൺ ഇവർ വൃത്തിയാക്കി. അഞ്ചാം വാർഡിൽ എൽ.ഡി.എഫിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ശുചിത്വമുള്ള വാർഡ് എന്നത്. ഈ വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ തുടക്കം കുറിച്ചാണ് ടൗൺ ശുചീകരണ പ്രവർത്തനം ഏറ്റെടുത്തതെന്ന് സംഘടനാ പ്രവർത്തകർ പറഞ്ഞു.

മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന അഞ്ചാം വാർഡിൽ ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ ജംഷീർ കുനിങ്ങാരത്ത് ടൗൺ ശുചീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, സി.എം.അനിൽകുമാർ, എൻ.എ.പ്രജീഷ്, അഷ്‌റഫ് കൊമ്പൻ തുടങ്ങിയവർ സംസാരിച്ചു.