കാവുംമന്ദം: കൽപ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതിനാൽ പൊടി ശല്യം കൊണ്ട് വലഞ്ഞിരിക്കുകയാണ് പ്രദേശവാസികൾ. റോഡ് പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ജനകീയ കർമ്മസമിതി ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ് ബഷീർ, ഷമീം പാറക്കണ്ടി എന്നിവർ ആവശ്യപ്പെട്ടു. ഡിസമ്പർ ആദ്യവാരത്തിൽ ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുള്ള ഒരു നടപടികളും ഇതുവരെ തുടങ്ങിയിട്ടില്ല. പൊടിശല്യം കാരണം നിരവധി പേർക്ക് ആരോഗ്യ പ്രശ്‌നങ്ങളും രൂക്ഷമായിട്ടുണ്ട്.

ടാങ്കറുകൾ ഉപയോഗിച്ച് ഇടയ്ക്ക് നനയ്ക്കുന്നുണ്ടെങ്കിലും പതിനഞ്ച് കിലോമീറ്ററോളം വരുന്ന റോഡിൽ ഇത് പ്രായോഗികമാവുന്നില്ല. ആദ്യ ഘട്ടത്തിൽ കൽപ്പറ്റ മുതൽ പിണങ്ങോട് വരെയുള്ള ഭാഗത്ത് ഓവുചാൽ അടക്കമുള്ളവ തീർക്കാതെ തന്നെ ടാറിങ് പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. ഡിസമ്പർ ആദ്യത്തിൽ അത്തരത്തിൽ പിണങ്ങോട് മുതൽ പടിഞ്ഞാറത്തറ വരെയുള്ള ഭാഗങ്ങളിൽ ടാറിങ് നടത്തുമെന്നാണ് പൊതുമരാമത്ത് അധികൃതർ പറഞ്ഞിരുന്നത്. മറ്റ് അനുബന്ധ പ്രവൃത്തികൾ ശേഷം പൂർത്തിയാക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഇതൊന്നും നടപ്പായില്ല.

ആയിരക്കണക്കിന് വാഹനങ്ങൾ ഓടുന്ന ഈ റോഡിൽ പൊടിയും മെറ്റലും ചിതറിക്കിടന്ന് വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. റോഡ് പണി തീരാത്തതിനാൽ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നുമില്ല. ഇതിനാൽ യാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വൈദ്യുതി തൂണുകൾ മാറ്റുന്ന പണികളും ഇഴയുകയാണ്. എത്രയും പെട്ടെന്ന് പണികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ ഭരണ തലത്തിൽ വേണമെന്ന് കർമ്മസമിതി യോഗം ആവശ്യപ്പെട്ടു. പി കെ അബ്ദുറഹിമാൻ, കളത്തിൽ മമ്മൂട്ടി, കെ ഹാരിസ്, ജോണി നന്നാട്ട്, വി ജി ഷിബു, കെ ഇബ്രാഹിംഹാജി, ബഷീർ പുള്ളാട്ട്, തന്നാനി അബൂബക്കർ, നജീബ് പിണങ്ങോട്, ഉസ്മാൻ പഞ്ചാര, മുഹമ്മദ് പനന്തറ, ജാസർ പാലക്കൽ, കെ എസ് സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു.