വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചായത്തിലെ വയനാട് ഗ്രാനൈറ്റ് ക്വാറി നിർത്തിവെപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആക്ഷ‌ൻ കമ്മിറ്റി ആവശ്യപ്പെട്ടു. ക്വാറിയിയിൽ നിന്നുള്ള സ്‌ഫോടനം മൂലം പ്രദേശവാസിയായ അമ്പലക്കുന്ന് സുധീഷിന്റെ വീടിന് കഴിഞ്ഞ ദിവസം കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ഓട് തകർന്നു വീഴുകയും ചുവരുകൾ വിണ്ട് കീറുകയും ചെയ്തിട്ടുണ്ട്. ക്വാറിയുടെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ജില്ലാ കലക്ടർക്കും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനും നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച അന്വേഷണം ജില്ലാ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തിയുള്ള ക്വാറിയുടെ പ്രവർത്തനം തുടരുകയാണെങ്കിൽ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് ആക്ഷൻ കമ്മറ്റി വ്യക്തമാക്കി. ചെയർമാൻ പാറായി കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ. ദാമോദരകുറുപ്പ്, സലീംബാവ, സി. ഷൈജൽ, ഹക്കീം, ബാബു മഞ്ഞിലേരി എന്നിവർ സംസാരിച്ചു.

അടിക്കുറിപ്പ്.....

കരിങ്കൽ ക്വാറിയിൽ നിന്നുള്ള സ്‌ഫോടനം മൂലം വെങ്ങപ്പള്ളി സ്വദേശി അമ്പലക്കുന്ന് സുധീഷിന്റെ വീടിന്റെ സിലിംഗ് ഓട് തകർന്നു വീണ നിലയിൽ