ambukuthi
അമ്പുകുത്തി മലനിരയുടെ മുകളിൽ നിരോധനം ലംഘിച്ച് എത്തുന്ന സഞ്ചാരികൾ

സുൽത്താൻ ബത്തേരി: എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലനിരകളിലേക്ക് നിരോധനം ലംഘിച്ച് നൂറുകണക്കിന് സഞ്ചാരികൾ ഇപ്പോഴും എത്തുന്നു. ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് നിരോധിത മേഖലയായ അമ്പുകുത്തി മലനിരയുടെ മുകൾ ഭാഗത്തേക്ക് സഞ്ചാരികളെ എത്തിക്കുന്നത്.
മലയുടെ മുകൾ ഭാഗത്തേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനായി ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവർ നിശ്ചിത തുക വാങ്ങിയാണ് മലമുകളിലേക്ക് ആളുകളെ കയറ്റി വിടുന്നത്. രാത്രി മലമുകളിൽ തങ്ങുന്നതിന് ടെന്റുകൾ കെട്ടി താമസ സൗകര്യം ഒരുക്കികൊടുക്കുന്നുമുണ്ട്.

പൊൻമുടികോട്ട, അമ്പുകുത്തി 19, ഗോവിന്ദമൂല വഴിയാണ് ആളുകളെ കയറ്റി വിടുന്നത്. ചെങ്കുത്തായ മലനിരകളിലെ വൻ പാറകളുടെ മുകളിലാണ് ടെന്റുകൾ കെട്ടിയുണ്ടാക്കുന്നത്.


2009-ൽ കേന്ദ്ര പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ എടക്കൽ ഗുഹയും അമ്പുകുത്തി മലനിരകളും സന്ദർശിച്ചപ്പോഴാണ് ഗുഹയുടെ സംരക്ഷണത്തിനായി നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. എടക്കൽ ഗുഹയുടെ മുകൾഭാഗത്തേക്ക് സഞ്ചാരികളെയും ട്രക്കിംഗും നിരോധിച്ചുകൊണ്ട് കേന്ദ്ര പുരാവസ്തു വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും കുറുമ്പാലകോട്ടയിലും എടക്കൽ മലനിരകളുടെ മുകൾ ഭാഗത്തേക്കുള്ള സഞ്ചാരികളുടെ പ്രവേശനം ജില്ലാ കലക്ടർ നിരോധിച്ചിരുന്നു.നിരോധനം നിലനിൽക്കെയാണ് സഞ്ചാരികൾ ഇവിടെ എത്തുന്നത്.

ഡി.റ്റി.പി.സിയുടെ നിയന്ത്രണത്തിൻ കീഴിലാണ് എടക്കൽ ഗുഹയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡപ്രകാരം 10 പേർ വരുന്ന സംഘത്തെ സാമൂഹിക അകലം പാലിച്ചാണ് ഗുഹയ്ക്കകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഒരു ദിവസം 1920 പേർക്കാണ് പ്രവേശനം. എന്നാൽ അനധികൃത മാർഗ്ഗത്തിലുടെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ മലമുകളിൽ എത്തുന്നത് ആയിരങ്ങളാണ്.
രണ്ട് വർഷം മുമ്പുണ്ടായ പ്രളയത്തിൽ ഒന്നാം ഗുഹക്കുള്ളിലെ കൽപാളികൾ അടർന്നു വീണിരുന്നു. മലമുകളിലെ അനധികൃത നിർമ്മാണ പ്രവർത്തനം തടയണമെന്ന് നിർദേശിച്ചിരുന്നെങ്കിലും മലമുകളിൽ നിർമ്മാണ പ്രവർത്തനം യാതൊരു മുടക്കവും കൂടാതെ നടക്കുകയും, വൻ പാറകൾപൊട്ടിച്ച് മലമുകളിലേക്ക് ജീപ്പുകൾ സഞ്ചാരിക്കാനുള്ള പാത ഉണ്ടാക്കുകയും ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങളും ട്രക്കിംഗും അമ്പുകുത്തി മലനിരകളിൽ പ്രകമ്പനം സൃഷ്ടിക്കാൻ ഇടയാക്കി. ഇതിന്റെ അനന്തരഫലമാണ് കഴിഞ്ഞ പ്രളയകാലങ്ങളിലുണ്ടായ മണ്ണിടിച്ചിൽ. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലയുടെ സമീപം പന്ത്രണ്ട് ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
അമ്പുകുത്തി, കുപ്പകൊല്ലി, എടക്കൽ, ആണ്ടിക്കവല, വെള്ളച്ചാട്ടം, പട്ടിയമ്പം, ഗോവിന്ദമൂല എന്നിവിടങ്ങളിലെ ആളുകൾ സംഘടിച്ച് ആക്ഷൻ കമ്മറ്റി ഉണ്ടാക്കി. എടക്കൽ ഗുഹയുൾപ്പെടെയുള്ള അമ്പുകുത്തി മലനിരകൾ സംരക്ഷിക്കുക, മലമുകളിലെ നിർമ്മാണ പ്രവർത്തനം നിർത്തിവെക്കുക, മലമുകളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനവും ജീപ്പ് റൈഡിംഗും നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രംഗത്തിറങ്ങിരുന്നു.

ജില്ലാ കലക്ടറുടെയും കേന്ദ്ര പുരാവസ്തു വകുപ്പിന്റെയും നിരോധന ഉത്തരവ് തുടർച്ചയായി ലംഘിക്കപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.


അമ്പുകുത്തി മലനിരയുടെ മുകളിൽ നിരോധനം ലംഘിച്ച് എത്തുന്ന സഞ്ചാരികൾ