mathew
മാത്യുവും മേരിയും കൃഷിയിടത്തിൽ

പുൽപ്പള്ളി: തൊണ്ണൂറ് കഴിഞ്ഞിട്ടും കൃഷി ചെയ്ത് ജീവിക്കുന്ന പുൽപ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയിൽ മാത്യുമേരി ദമ്പതികളുടെ നേർചിത്രം ട്വീറ്റ് ചെയ്ത് രാഹുൽഗാന്ധി എം പി. കൃഷിയിടത്തിൽ ചിലവഴിക്കുന്ന ഈ ദമ്പതികൾ പങ്കുവെക്കുന്ന രാജ്യത്തെ കൃഷിക്കാരുടെ വേദനകളും, അവരുടെ ആശങ്കകളും രാജ്യവും സർക്കാരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് രാഹുൽ ട്വീറ്റിൽ പറയുന്നു.

ഈ വയോദമ്പതികൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതടക്കമുള്ള വീഡിയോയും രാഹുൽഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിത സായന്തനത്തിലെത്തിയിട്ടും ഒരു നിമിഷം പോലും വെറുതെയിരിക്കാതെ കൃഷിയിടത്തിൽ ചിലവഴിക്കുകയാണ് മാത്യുവും മേരിയും. കർഷകസമൂഹത്തിനൊന്നാകെ പ്രചോദനമാകുന്ന ഈ ദമ്പതികൾക്ക് പിന്നിൽ വയനാടിന്റെ കാർഷിക സംസ്‌ക്കാരത്തിന്റെ ചരിത്രവുമുണ്ട്.

1969ലാണ് കോട്ടയത്തെ കടുത്തുരുത്തിയിൽ നിന്ന് മാത്യു വയനാട്ടിലെ കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പണം കൊണ്ട് പുൽപ്പള്ളി സുരഭിക്കവലയിൽ മൂന്നേക്കർ സ്ഥലം വാങ്ങി.

ആദ്യമെല്ലാം ജീവിതമാർഗത്തിനായി സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്തു. സ്വന്തം കൃഷിയിടത്തിൽ മണ്ണിനോടിണങ്ങി ജീവിച്ച പതിറ്റാണ്ടുകൾ തന്നെയാണ് ഇന്നും സഹായമില്ലാതെ നടക്കാനുള്ള ആർജവം നൽകുന്നതെന്നാണ് ഇരുവരും പറയുന്നത്.

കപ്പ, ചേന, കാച്ചിൽ, ചേമ്പ്, പച്ചക്കറികൾ എന്നിവയെല്ലാം ഇവർ ഇപ്പോഴും നട്ട് പരിപാലിക്കുന്നു. വാർധക്യത്തിന്റെ അലോസരപ്പെടുത്തലുകളും, നേരിയ വിഷമതകളുമെല്ലാം അലട്ടുന്നുണ്ടെങ്കിലും മണ്ണിനെ പ്രണയിച്ച് അതെല്ലാം മറികടക്കുന്ന ഈ വൃദ്ധദമ്പതികൾ വയനാട്ടിലെ വേറിട്ട കാഴ്ചകയായിരുന്നു. തങ്ങളുടെ ജീവിതം തിരിച്ചറിഞ്ഞ രാഹുൽഗാന്ധിയോട് നന്ദിയുണ്ടെന്ന് ഇരുവരും പറഞ്ഞു.