മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തുന്ന കാര്യത്തിൽ ഒരു മാസത്തിനകം നയപരമായ തീരുമാനമെടുക്കണമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഇക്കാര്യത്തിൽ അനുകൂല സമീപനം സ്വീകരിക്കണമെന്ന് കോടതിയെ സമീപിച്ച പൊതുപ്രവർത്തകർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തണമെന്ന പൊതുതാൽപ്പര്യ ഹർജിയുമായി മാനന്തവാടിയിലെ 14 പൊതുപ്രവർത്തകരാണ് അഡ്വ. സിറിയക് ഫിലിപ്പിന്റെ സഹായത്തോടെ കോടതിയെ സമീപിച്ചത്. മെഡിക്കൽ കോളേജ് ആവശ്യത്തിനായി വരുന്ന തുകയുടെ 75 ശതമാനം ചെലവ് കേന്ദ്രസർക്കാർ വഹിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്താൻ സംസ്ഥാന സർക്കാർ ഇതുവരെ പ്രപ്പോസൽ നൽകിയിട്ടില്ല. ഇത് സംബന്ധിച്ച് ജില്ലയിലെ ജനപ്രതിനിധികളെ സമീപിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. ഇതേതുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് ഇവർ പറഞ്ഞു.

ഐ പി വിഭാഗത്തിൽ 500 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും സ്വന്തമായി 8.74 ഏക്കർ ഭൂമിയും ജില്ലാ ആശുപത്രിക്ക് ഉണ്ട്. ഇതിന് പുറമെ തൊട്ടടുത്ത് തന്നെയുള്ള നല്ലൂർനാട് ഗവ.ആശുപത്രിയും സർക്കാരിന്റെ തന്നെ കൈവശമുള്ള ഭൂമികളും ഈ ആവശ്യത്തിലേക്കായി ഉപയോഗപ്പെടുത്താനാവുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മാനന്തവാടിയിൽ മെഡിക്കൽ കോളേജ് സ്ഥാപിച്ചാൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വയനാടിനോട് ചേർന്ന പ്രദേശത്തുകാർക്കും കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്കും പ്രയോജനകരമാവുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

അടുത്ത ഘട്ടത്തിലെങ്കിലും സംസ്ഥാന സർക്കാർ പ്രപ്പോസൽ നൽകാൻ നിർദ്ദേശിക്കുകയോ സ്വന്തം നിലയിൽ അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

എന്നാൽ ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തുന്നത് സർക്കാറിന്റെ നയപരമായ തീരുമാനമാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ഒരു മാസത്തിനകം തീരുമാനമെടുക്കാൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയെ ഈ ആവശ്യമുന്നയിച്ച് നേരിൽ കാണുമെന്ന് കെ.ബാബുഫിലിപ്പ്, കെ.എ.ആന്റണി, ഫാ.വർഗ്ഗീസ് എന്നിവർ അറിയിച്ചു.