മാനന്തവാടി: മാനന്തവാടി ടൗണിൽ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട വ്യാപക പരാതിയെ തുടർന്ന് മാനന്തവാടി എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ഷറഫുദ്ദീനും സംഘവും നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മാനന്തവാടി പായോട് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പന്തളത്ത് വീട്ടിൽ അമൽദേവ് (20), വടയാറ്റിൽ വീട്ടിൽ വിഷ്ണു പ്രകാശൻ (20), വിനായക് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ യഥാക്രമം 65 ഗ്രാം, 30 ഗ്രാം എന്നിങ്ങനെ കഞ്ചാവ് കണ്ടെത്തി. ഇവർക്കെതിരെ എൻ.ഡി.പി .എസ് നിയമ പ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.പി ലത്തീഫ്, ബാബു മൃദുൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിന്റോ സെബാസ്റ്റ്യൻ, സനൂപ് കെ.എസ്, ഹാഷിം.കെ, സിബിജ കെ.കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.