pattayam

കൽപ്പറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി പ്രശ്നത്തിൽ തീരുമാനം വൈകുന്നു. വിവിധ സർക്കാർ ഏജൻസികളും സമിതികളും നടത്തിയ അന്വേഷണത്തിൽ വനംവകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയിട്ടും കുടുംബത്തിന് നീതി ലഭ്യമായില്ല. ഏറ്റവും ഒടുവിലായി, വനംവകുപ്പ് പിടിച്ചെടുത്ത 12 ഏക്കർ ഭൂമിക്ക് പകരം ഭൂമിയുടെ കമ്പോള വില തന്നാൽ മതിയെന്ന് കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഭൂമിയിലെ മരങ്ങളുടെ കമ്പോള വില നിർണയിക്കാൻ, ഈ നിർദേശമടങ്ങിയ സർക്കാർ ഉത്തരവ് ലഭ്യമാക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ കഴിഞ്ഞദിവസം ജില്ലാ കളക്ടർ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ പ്രതിനിധി കട്ടക്കയത്തിൽ ജയിംസിനെ വിളിപ്പിച്ച് പകരം ഭൂമി വാങ്ങി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പകരം ഭൂമി വാങ്ങിയാൽ അതും നിയമക്കുരുക്കിൽ പെടുമെന്ന് ആശങ്കയുണ്ടെന്നും അതിനാൽ പിടിച്ചെടുത്ത ഭൂമിയോ അല്ലെങ്കിൽ ആ ഭൂമിയുടെ കമ്പോള വിലയോ നൽകിയാൽ സമരം അവസാനിപ്പിക്കാമെന്ന് ജയിംസ് കളക്ടറെ അറിയിച്ചു. സെന്റിന് ഒന്നര ലക്ഷം രൂപയാണ് ജയിംസ് ആവശ്യപ്പെട്ടിരിക്കുന്നത്. വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി ഇനി തിരിച്ചു നൽകാൻ കഴിയില്ലെന്ന നിയമോപദേശമാണ്

ലഭിച്ചതെന്നും അതിനാൽ പകരം ഭൂമി സ്വീകരിക്കണമെന്നുമാണ് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

12 ഏക്കർ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തതിനെതിരേ കാഞ്ഞിരത്തിനാൽ ജോർജിന്റെ മരുമകൻ ജയിംസ് 2015 ഓഗസ്റ്റ് 15 മുതൽ കലക്ട്രേറ്റ് പടിക്കൽ സമരം തുടരുകയാണ്.

കമ്പോള വില സെന്റിന് 3,217 രൂപ

കമ്പോള വില നൽകണമെന്ന കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച സർക്കാർ ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ചു മാനന്തവാടി തഹസിൽദാർ നിർണയിച്ചത് തുച്ഛമായ കമ്പോള വിലയാണ്. ഭൂമി സെന്റിനു 3,217 രൂപ കമ്പോളവില നൽകാമെന്നാണ് തഹസിൽദാർ ജില്ലാ കലക്ടർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ജില്ലയിലെവിടെയും ഈ വിലയ്ക്ക് ഭൂമി കിട്ടില്ലെന്നിരിക്കെ വില നിശ്ചയിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ പരാതി.

തഹസിൽദാരും കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസറും ചേർന്നാണ് കമ്പോളവില നിശ്ചയിച്ചത്.