covid
അടച്ചുപൂട്ടുന്ന കൊവിഡ് ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലൊന്ന്

മാനന്തവാടി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സ്വകാര്യ കെട്ടിടങ്ങളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു. ജില്ലയിലെ എട്ടു ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ആറെണ്ണവും ഒഴിവാക്കുകയാണ്.

കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കു തന്നെ സർക്കാരിന് ഭീമമായ തുക വേണ്ടി വരുന്നുണ്ട്. രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് 125 മുതൽ 150 രൂപ വരെ വേണ്ടിവരുന്നതിനാൽ കൊവിഡ് സെന്ററുകൾക്കായി ലക്ഷക്കണക്കിന് രൂപയാണ് ചെലവിടേണ്ടി വരുന്നത്. സാമ്പത്തികഞെരുക്കും കൂടിയ സാഹചര്യത്തിലാണ് സ്വകാര്യ കെട്ടിടങ്ങൾ തിരിച്ചേല്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ് വന്നത്. കൊവിഡ് ബാധിതർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യമുണ്ടാകുമൊ എന്ന ആശങ്ക ഇതിനിടയ്ക്ക് ഉയർന്നുകഴിഞ്ഞു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് കീഴിൽ വയനാട്ടിൽ എട്ട് കൊവിഡ് ചികിത്സാകേന്ദ്രങ്ങളാണുള്ളത്. ഇതിൽ രണ്ടെണ്ണം സർക്കാർ കെട്ടിടങ്ങളിലാണ്; തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളത്തും സുൽത്താൻ ബത്തേരിയിലും. മറ്റ് ആറ് സെന്ററുകളും പ്രവർത്തിക്കുന്നത് സ്വകാര്യ കെട്ടിടങ്ങളിലാണ്. മക്കിയാട് ധ്യാനകേന്ദ്രത്തിലേത് ഒഴികെ മറ്റ് അഞ്ചെണ്ണത്തിന്റെയും താക്കോൽ ഡിസംബർ 31നകം കെട്ടിട ഉടമകൾക്ക് തിരിച്ചുനൽകാനാണ് ഉത്തരവ്. ജനുവരി പത്തിനകമാണ് മക്കിയാട് സെന്ററിന്റെ താക്കോൽ തിരിച്ച് ഏല്പിക്കേണ്ടത്. ഡിസംബർ 23ന് ഈ ഉത്തരവ് ഇറങ്ങിയതിനു ശേഷം പുതിയ രോഗികളെ ഈ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. സ്വകാര്യ കെട്ടിടങ്ങൾ നിശ്ചിത തീയതിയ്ക്കുള്ളിൽ ഉടമകൾക്ക് തിരികെ ലഭ്യമാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ഇനി മുതൽ കൊവിഡ് ബാധിതർക്ക് വീടുകളിൽ തന്നെ പരിചരണം ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.