വൈത്തിരി: കോഴിക്കോട് നിന്ന് കാണാതായ ബൈക്ക് വൈത്തിരിയിൽ നിന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി കോളേജിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മേപ്പാടി പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ അബ്ദുൾ റസാഖ് ആണ് ബൈക്ക് കണ്ടെത്തിയത്. 5 ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തു നിന്ന് മോഷണം പോയതായിരുന്നു ബൈക്ക്. കൊടുവള്ളി സ്വദേശി കച്ചേരിക്കുന്നുമ്മൽ പ്രസാദിന്റെതാണ് ബൈക്ക്.

മുഖ്യമന്ത്രിയുടെ സുരക്ഷ മുൻനിർത്തി ഉപേക്ഷിക്കപ്പെട്ട നിലയിൽ പരിസരത്ത് എന്തെങ്കിലും വസ്തുക്കൾ ഉണ്ടോ എന്ന് തിരയുന്നതിനിടയിലാണ് ബൈക്ക് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്ക് മോഷ്ടിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. കഴിഞ്ഞ 4 ദിവസമായി ഈ വാഹനം അവിടെ കിടക്കുന്നതായി സമീപത്തെ കച്ചവടക്കാർ പറഞ്ഞു.

ആർ.സിയുടെ കോപ്പി വാഹനത്തിലുണ്ടായിരുന്നു. കാൻസർ രോഗിയായ സഹോദരിയെ കാണാൻ മെഡിക്കൽ കോളേജിൽ പോയപ്പോഴാണ് വാഹനം കളവ്‌ പോയതെന്ന് ഉടമസ്ഥനായ പ്രസാദ് പൊലീസിനെ അറിയിച്ചു.