കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് ഭരണ സാരഥ്യത്തിന് ഭാഗ്യം ആരോടൊപ്പം നിൽക്കും? പതിനാറ് സീറ്റുളള ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികൾക്കും എട്ട് വീതം സീറ്റ് ലഭിച്ചതോടെ നറുക്കെടുപ്പിൽ കാര്യം തീരുമാനിക്കും.
കോൺഗ്രസിലെ സംഷാദ് മരക്കാരും സി.പി.എമ്മിലെ സുരേഷ് താളൂരുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്കുള്ള സ്ഥാനാർത്ഥികൾ.
കോൺഗ്രസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിക്കായി ഇന്നലെ വൈകീട്ടുവരെ വടംവലി രൂക്ഷമായിരുന്നു. സംഷാദ് മരക്കാരിന് പുറമെ കെ. എസ്.യു. ജില്ലാ പ്രസിഡന്റ് അമൽ ജോയി, ഉഷാ തമ്പി എന്നിവരായിരുന്നു പ്രസിഡന്റ് പദവിയിലേക്ക് നോട്ടമിട്ടത്. അവസാനം മുട്ടിൽ ഡിവിഷനിൽ നിന്ന് വിജയിച്ച സംഷാദ് മരക്കാറുടെ പേര് നേതൃത്വം അംഗീകരിക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുസ്ലീം ലീഗിലെ കെ.ബി.നസീമയായിരിക്കും വരിക. മുസ്ലീം ലീഗിന് രണ്ട് അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിൽ ഉളളത്.
എൽ.ഡി.എഫിൽ നിന്ന് സുരേഷ് താളൂർ ജയിച്ചാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മേപ്പാടി ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി. ഐയിലെ എസ്.ബിന്ദു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കും.