കൽപ്പറ്റ: പറളിക്കുന്നിലെ കൊലപാതകവും സാക്ഷിയുടെ ദുരൂഹ മരണവും സംബന്ധിച്ച് പുതിയ അന്വേഷണ സംഘം വേണമെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മലപ്പുറം കരിപ്പൂർ സ്വദേശിയായ ലത്തീഫ് ഡിസംബർ 21ന് പറളിക്കുന്നിൽ വച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ജസ്‌ന, ജംഷാൻ എന്നിവർ റിമാന്റിൽ ജയിലിൽ കഴിയുമ്പോഴാണ് ഇവരുടെ സഹോദരൻ ജംഷീറിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യകൊലക്കേസിൽ പ്രധാന സാക്ഷിയാകേണ്ട ജംഷീറിന്റെ മരണം കേവലം ആത്മഹത്യയെന്ന നിലയിൽ കാണാനാവില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കിണറ്റിൽ വീണ് മരിച്ച മകന്റെ മൃതദേഹം വെച്ച് കൊലക്കേസിൽ റിമാന്റിലായ പ്രതികളെ രക്ഷിക്കുവാനാണ് മാതാവ് സാജിറ ശ്രമിച്ചത്. കൊലപാതകത്തിൽ ജസ്‌നക്കും ജംഷാനും പങ്കില്ലെന്ന് ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ ജസ്‌നയുടെയും സാജിറയുടെയും വീട്ടിൽ വച്ച് അവരുടെ അമ്മാവനായ നൗഷാദിന്റെ സാന്നിദ്ധ്യത്തിൽ നടന്ന കൊലപാതകം ചെയ്തത് ആരാണെന്ന് അവർ പറയണമെന്ന് ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

സാജിറയുടെ വീട്ടിൽ കൈകാലുകൾ കെട്ടിയിട്ട് മരിക്കുന്ന അവസ്ഥയിലായിരുന്ന ലത്തീഫിനെ വെളുപ്പിന് പൊലീസെത്തിയാണ്‌ കൊണ്ടുപോയത്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം ഇതുവരെ തെളിവെടുപ്പിനായി കൊണ്ടുവന്നിട്ടില്ല.

കിണറ്റിൽ ചാടി മരിക്കാനുള്ള മാനസികശേഷിയുളളയാളല്ല ജംഷീർ. ലത്തീഫിന്റെ കൊലപാതകത്തെ കുറിച്ച് മുഴുവൻ കാര്യങ്ങളും ജംഷീറിന് അറിയുമായിരുന്നു. അതുകൊണ്ടാണ് ഈ മരണത്തിന്റെ ദുരൂഹത വർദ്ധിക്കുന്നത്.

ഈ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും അതിന് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ കർമ്മസമിതി ചെയർമാൻ പി.ഇ.ജോർജ്കുട്ടി, കൺവീനർ ടി.ദാമോദരൻ, ബിജു, അബ്ദുൾ അസീസ് പാറത്തൊടുക എന്നിവർ പങ്കെടുത്തു.