കൽപ്പറ്റ: പരി​സ്ഥിതി സൗഹാർദ ടൂറിസമല്ല, പ്രകൃതി​ ചൂഷണമാണ് വയനാട്ടിൽ നടക്കുന്നതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്തുകൾ ഇതിനെതിരെ മുൻകൈയെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

വയനാടിന്റെ കാർഷിക പുനരുത്ഥാനത്തിനും പരിസ്ഥിതി പുനരുജ്ജീവനത്തിനുമാണ് പുതിയ പഞ്ചായത്തുകൾ പ്രഥമ പരിഗണന നൽകേണ്ടത്. സംഘടിത പ്രസ്ഥാനങ്ങൾ കൊട്ടിഘോഷിക്കുന്ന വികസനപദ്ധതികൾ മിക്കതും വികസനമല്ല. ചുരം ബദൽ റോഡും തുരങ്ക പാതയും വിമാനത്താവളവും റെയിൽവേയും ആൾക്കൂട്ടത്തെ ആകർഷിക്കാൻ വേണ്ടി മാത്രമാണ്.

മെഡിക്കൽ കോളേജുകൾ ഡോക്ടർമാരെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. അടിയന്തിരമായി വേണ്ടത് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളും മരുന്നും ഡോക്ടർമാരും സൗകര്യങ്ങളുമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ്.

യൂനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം പിടച്ചതും ഭൂമിയിൽ മറ്റെവിടെയുമില്ലാത്തതുമായ സസ്യ ജന്തുജാലങ്ങളുടെ കലവറയാണ് വയനാട്.ഏറെ അധികാരമുള്ള ബി.എം.സികളെ ശാക്തീകരിക്കൽ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണം.
മൂന്നു പതിറ്റാണ്ടായി രൂക്ഷമാണ് വന്യജീവി മനുഷ്യസംഘർഷം. പ്രശ്‌ന പരിഹാരത്തിന് പഞ്ചായത്തുകൾക്ക് വലിയ പങ്കു വഹിക്കാനാകും.
മലബാർ ജില്ലകൾക്കാകെ വിഷരഹിത പച്ചക്കറികളും കിഴങ്ങുകളും നൽകാൻ വയനാടിന് കഴിയും. ആയിരക്കണക്കിനേക്കർ ഭൂമി തോട്ടമുടമകളും കമ്പനികളും നിയമവിരുദ്ധമായി കൈവശം വെക്കുന്ന ജില്ലയിൽ ഭൂരഹിതർ ഏറെയാണ്.

എവിടെയെല്ലാം ഖനനമാകാമെന്നും എത്രമാത്രം ഖനനം ചെയ്യാമെന്നും നിശ്ചയിക്കാൻ വിദഗ്ദ സമിതിയെ നിയമിക്കണം. പുഴപുറമ്പോക്കുകൾ വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്തുകൾ ഏറ്റെടുക്കണം. ഇങ്ങനെയുള്ള പ്രദേശത്ത് തീറ്റപ്പുൽ ഉൽപ്പാദിപ്പിക്കാൻ കഴിയും.
അന്യജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വയനാട്ടിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഗ്രീൻ ടാക്‌സ് ഏർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു.