kada
കാട്ടാനകൾ തകർത്ത പെട്ടിക്കടകൾ

തോൽപ്പെട്ടി: തോൽപ്പെട്ടി വന്യജീവി സങ്കേതത്തിനു സമീപം ഫുട്പാത്തിൽ കച്ചവടം ചെയ്യുന്ന അഞ്ചോളം പേരുടെ പെട്ടിക്കടകൾ കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. അബ്ദുൾ റഹ്മാൻ, കമല, ബാലൻ, ബിന്ദു, സാബു എന്നിവരുടെ ചായക്കട, കരകൗശല ഉപകരണ വിൽപ്പന കട, തേൻ കട എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. ഒരോരുത്തർക്കും പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായി.

10 ദിവസം മുൻപ് ഇതേ ആന ഇവിടെ കച്ചവടം ചെയ്യുന്ന ഒരു സ്ത്രീയുടെ കട പൂർണ്ണമായും നശിപ്പിച്ചിരുന്നു. പ്രദേശത്ത് കാട്ടാനകൾ വീടുകളും കടകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നത് പതിവായി വരികയാണെന്നും ഇതിന് ശാശ്വത പരിഹാരമുണ്ടാവണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കൂടുതൽ വാച്ചർമാരെ നിരീക്ഷണത്തിനായി നിയമിക്കണം. പട്ടാപ്പകൽ പോലും കാട്ടാനകൾ തോൽപ്പെട്ടി മേഖലയിൽ ഇറങ്ങി നാശനഷ്ടം വരുത്തുന്നുണ്ട്.