പമ്പ് ഉടമകൾ ഇന്ധനം നൽകുന്നില്ല
മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രി കൊവിഡ് സെന്ററിലെ കൊവിഡ് രോഗികൾക്കായുള്ള ആംബുലൻസ് സേവനം തടസ്സപ്പെട്ടിട്ട് ദിവസങ്ങളാകുന്നു. ആംബുലൻസിന് ഡീസലടിച്ച വകയിലുള്ള 10 ലക്ഷത്തോളം രൂപ കുടിശ്ശിക ആയതോടെ പമ്പുകാർ ഇന്ധനം നൽകുന്നത് നിർത്തി.
കൊവിഡ് രോഗി മരിച്ചാൽ മൃതദേഹം കൊണ്ടുപോകാൻ പോലും ആംബുലൻസ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആരെങ്കിലും കൊവിഡ് രോഗബാധിതരായാൽ അവരെ ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനവും തടസ്സപ്പെട്ടിരിക്കുകയാണ്.
സർക്കാരിന്റെ കൊവിഡ് ഫണ്ട് യഥാസമയം ലഭിക്കാത്തതിനാലാണ് സാമ്പത്തിക പ്രതിസന്ധി വന്നതെന്നാണ് പറയുന്നത്. കഴിഞ്ഞ മാസാവസാനം ലഭിച്ച തുകയിൽ മൂന്ന് ലക്ഷത്തോളം രൂപ പമ്പ് ഉടമയ്ക്ക് നൽകിയെങ്കിലും ഇനിയും പത്ത് ലക്ഷത്തോളം രൂപ ലഭിക്കാനുള്ളതിനാലാണ് പമ്പുടമ ഇന്ധനം നൽകാൻ തയ്യാറാകാതിരുന്നത്.
നിലവിൽ എച്ച്.എം.സി ഫണ്ടുപയോഗിച്ചുകൊണ്ടാണ് മറ്റ് ആംബുലൻസ് സേവനങ്ങൾ നിലനിർത്തുന്നത്. ഫണ്ട് വരാൻ വൈകിയാൽ മറ്റ് ആംബുലൻസുകളുടെ സേവനവും നിർത്തലാകാൻ സാധ്യതയുണ്ട്.