ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടന ദിനം കാത്തിരിക്കുകയാണ് മോഹൻലാൽ. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണണം. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് ഉൗർജം ഉൾക്കൊണ്ട് നടത്തിയ കണ്ടുപിടിത്തം കാണിക്കണം. അന്തരീക്ഷവായു ശുദ്ധീകരിക്കാനുള്ള യന്ത്രമാണ്.
അമ്പലപ്പുഴ വളഞ്ഞവഴിയിൽ ബോട്ട് വർക്ക്ഷോപ്പ് നടത്തുന്ന, പത്താം ക്ളാസു വരെ മാത്രം പഠിച്ച പുന്നപ്ര കളരിക്കൽ വീട്ടിൽ മോഹൻലാലിന്റെ (55) ആദ്യ കണ്ടു പിടിത്തമൊന്നുമല്ലിത്.
മത്സ്യബന്ധന വള്ളങ്ങളുടെ ഇന്ധനച്ചെലവു കുറയ്‌ക്കുന്ന റിവേഴ്സിബിൾ ഗിയർ വിത്ത് ഇസഡ് ഡ്രൈവ് സിസ്റ്റം ഉപയോഗിക്കുന്ന ഡീസൽ എൻജിനാണ് പ്രധാന കണ്ടുപിടിത്തം. ഇത് മത്സ്യഫെഡ് ഒരു ലക്ഷം രൂപ സബ്സിഡിയിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്.
കണ്ടുപിടിത്തങ്ങൾക്ക് 2009, 2014, 2015 വർഷങ്ങളിൽ കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്. രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ. അബ്ദുൾകലാം, പ്രതിഭാപാട്ടീൽ, പ്രണബ് മുഖർജി എന്നിവർക്ക് മുമ്പിൽ ഇവ അവതരിപ്പിക്കുകയും ചെയ്‌തു.
പ്രശസ്തിയൊക്കെ കിട്ടിയെങ്കിലും ഇതിനൊരു മറുവശവുമുണ്ട്. കണ്ടുപിടിത്തങ്ങൾ തലയ്ക്കു പിടിച്ച് അതിനു പണം കണ്ടെത്താൻ വീടു വിറ്റ കക്ഷിയാണ്. തനി വട്ടാണെന്ന പഴി ഇന്നും കേൾക്കുന്നു. 2001ലെടുത്ത മൂന്നു ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങി ജപ്തി നേരിട്ടപ്പോഴാണ് വീടുവിറ്റത്. ഭാര്യ ശ്രീദേവി, മക്കളായ റോയി, കണ്ണൻ എന്നവർക്കൊപ്പം വാടക വീട്ടിലാണ് താമസം.
മത്സ്യഫെഡ് ഏറ്റെടുത്ത എൻജിന് പേറ്റന്റായി കാര്യമായൊന്നും കിട്ടിയില്ല. എട്ടു ലക്ഷം തർക്കത്തിൽപ്പെട്ടു കിടക്കയാണെന്ന് മോഹൻലാൽ പറഞ്ഞു. മറ്റൊരു കണ്ടുപിടിത്തമായ റിവേഴ്സിബിൾ റിഡക്‌ഷൻ ടൂ ഇൻ ഗിയർ ബോക്സ് ലൈലൻഡ് കമ്പനി ടെസ്റ്റു നടത്താൻ എടുത്തിട്ടുണ്ട്. ഇതിലും പുതിയ കണ്ടുപിടിത്തത്തിലുമാണ് പ്രതീക്ഷ.
ഇനി, മോദിയെ നേരിൽക്കാണാനിടയായതെങ്ങനെയെന്ന് മോഹൻലാൽ തന്നെ പറയും: 2015ൽ ഇന്നൊവേഷൻ സ്കോളേഴ്സ് ഇൻ റസിഡന്റ്സ് പ്രോഗ്രാമുവായി ബന്ധപ്പെട്ട് രണ്ടാഴ്ച രാഷ്ട്രപതി ഭവനിൽ താമസിച്ചിരുന്നു. ഒരു ദിവസം പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ചടങ്ങിൽ അദ്ദേഹവുമായി സംവദിക്കാൻ അവസരം കിട്ടി. മുംബയിൽ മൂന്നു കൊല്ലം വർക്ക്ഷോപ്പ് തൊഴിലാളിയായിരുന്നതിനാൽ ഹിന്ദി നല്ലവണ്ണമറിയാം.തന്റെ പരീക്ഷണങ്ങളെക്കുറിച്ച് മോദിയോട് വിശദീകരിക്കാൻ ഭാഷ തടസമായില്ല. ക്ഷമയോടെ കാര്യങ്ങൾ കേട്ട പ്രധാനമന്ത്രി പറഞ്ഞു. ' കൊള്ളാം, കണ്ടുപിടിത്തങ്ങൾ ഇനിയും വേണം'
പത്രവാർത്തകളിൽ നിന്ന് ന്യൂഡൽഹിയിലെ വായു മലിനീകരണത്തിന്റെ തീവ്രത മനസിലാക്കിയാണ് പരിഹാരത്തെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെയാണ് 'വേസ്റ്റ് എയർ കളക്ട്, ഫ്രഷ് എയർ സപ്ലൈ' എന്ന ഉപകരണം വികസിപ്പിച്ചത്.16-ാം വയസിൽ അമ്മാവൻ ശിവദാസിന്റെ ബോട്ട് വർക്ക് ഷോപ്പിൽ തൊഴിൽ പഠിക്കാൻ ചേർന്നതാണ് മോഹൻലാൽ. പിന്നീട് മുംബയിൽ. അവിടന്ന് ഗൾഫിലേക്ക്. തിരിച്ചു വന്ന് 1986ൽ സ്വന്തമായി വർക് ഷോപ്പിട്ടു.
പുതിയ യന്ത്രത്തിന്റെ പ്രവർത്തനം
അന്തരീക്ഷ വായുവിനെ ഉയർന്ന മർദ്ദത്തിൽ വലിച്ചെടുത്ത് വെള്ളത്തിലൂടെ കടത്തിവിടും. പൊടിയും അഴുക്കും വെള്ളത്തിൽ അടിയും. ശുദ്ധമായ വായു യന്ത്രത്തിലൂടെ തിരിച്ച് അന്തരീക്ഷത്തിലേക്ക് തള്ളും.1500 ലിറ്റർ വെള്ളമാണ് യന്ത്രത്തിൽ സംഭരിക്കുന്നത്. 20 കുതിരശക്തിയുള്ള എൻജിനാണ്. നാലര ലക്ഷം രൂപ ചെലവ് വന്നു.
"ആലപ്പുഴയിലെത്തുന്ന പ്രധാനമന്ത്രിക്ക് എന്റെ വലിയ സമ്മാനമാണിത്.
- മോഹൻലാൽ