s

വേദിയിൽ അര നൂറ്റാണ്ടു തികച്ച് ആലപ്പി ഋഷികേശ്

ആലപ്പുഴ: നാടകവേദികളിൽ സംഗീതം നിറച്ച് അര നൂറ്റാണ്ട് പിന്നിട്ടതിന്റെ സംതൃപ്തിയിലാണ് ആലപ്പി ഋഷികേശ്. കലാജീവിതം ബാങ്ക് അക്കൗണ്ടിലേക്ക് വലിയ 'സംഭാവന'കൾ നൽകിയിട്ടില്ലെങ്കിലും ജീവിതം നാടകത്തിന് സമർപ്പിച്ചിരിക്കുകയാണ് സംഗീത സംവിധായകനായ മുഹമ്മ ആഞ്ഞിലിമുക്ക് വീട്ടിൽ ഋഷികേശ്.

1969ലാണ് ഋഷികേശ് നാടക ലോകത്തെത്തിയത്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് രംഗപ്രവേശം. ശാസ്ത്രീയ സംഗീതത്തിൽ അടിത്തറ ആയതോടെ പിന്നീട് സംഗീതം തിരഞ്ഞെടുത്തു. കായിപ്പുറം കുശലൻസാറാണ് വഴികാട്ടിയായത്. 1500ൽപ്പരം നാടകങ്ങൾക്ക് ഇതിനോടകം സംഗീതം നൽകി. മുഹമ്മ മണിയാശാൻ, സൺബ്രൈറ്റ് തുടങ്ങിയവരാണ് ഗുരുക്കൻമാർ. വർഷം 44 നാടകങ്ങൾക്കുവരെ സംഗീതം നൽകിയിട്ടുണ്ട്. 75 ഓളം ടെലിഫിലിമുകൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു. 1994ൽ സ്വാതി തിരുനാൾ സംഗീത സഭയുടെ അവാർഡും 2004ൽ കെ.സി.ബി.സി അവാർഡും 2015ൽ ചാക്കോളാസ് 'ഓർമ്മ' അവാർഡും നേടി. എട്ടു വർഷം നാടക സംഗീതത്തിനു സംസ്ഥാന അവാർഡും 2015ൽ സംഗീത നാടക അക്കാഡമിയുടെ 'ഗുരുപൂജ' പുരസ്‌കാരവും ഋഷികേശിനു ലഭിച്ചു. 650ൽപരം മറ്റ് പ്രൊഫഷണൽ അവാർഡുകളും നേടിയിട്ടുണ്ട്.

വികട കവി, തെന്നാലിരാമൻ, ഹരിശ്ചന്ദ്രൻ,സ്വർഗം ഭൂമിയിലാണ്, ഒരു മനശാസ്ത്രജ്ഞൻ എന്നീ നാടകങ്ങളിലെ ഗാനങ്ങൾ ഹിറ്റായിരുന്നു. 850 കഥാപ്രസംഗങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. പത്മയാണ് ഋഷികേശിന്റെ ഭാര്യ. ഋഷികൃഷ്ണയും ഋഷിവിഷ്ണുവുമാണ് മക്കൾ. മകൻ കളരിപ്പയറ്റിൽ സംസ്ഥാന ചാമ്പ്യനാണ്. കൊവിഡ് കാലത്ത് ഋഷികേശിന് സന്തോഷം പകരുന്നത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഗുരുവായൂർ സി.സിയുടെ ഏറ്റവും നല്ല പശ്ചാത്തല സംഗീതത്തിനുളള അവാർഡാണ്.

നാടക ജീവിതം സംതൃപ്തിയാണ് നൽകിയത്. പുതുതലമുറ നാടകങ്ങൾ പലതും തികച്ചും ദു:ഖകരമാണ്. പണ്ട് നാടകങ്ങൾ കണ്ണിമ വെട്ടാതെയാണ് ആളുകൾ വീക്ഷിച്ചിരുന്നത്. ഇപ്പോൾ തുടക്കം മുതൽ കൂക്കുവിളിയാണ്

(ആലപ്പി ഋഷികേശ്, നാടക സംഗീത സംവിധായകൻ)