10, പ്ളസ് ടു ക്ളാസുകൾക്ക് തുടക്കം
ആലപ്പുഴ: കാത്തിരിപ്പിന്റെ ദിനങ്ങൾ പിന്നിട്ട് ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾ. അടുത്തെത്തിയിട്ടും സാമൂഹിക അകലം പാലിച്ച് അകന്നിരിക്കേണ്ടി വന്നതിന്റെ വിഷമം ചിലർക്ക് മറച്ചുവയ്ക്കാനായില്ല.
ജില്ലയിൽ 127 എയ്ഡഡ് സ്കൂളുകളിലും 67 സർക്കാർ സ്കൂളുകളിലുമായി പതിനയ്യായിരത്തോളം വിദ്യാർത്ഥികളാണ് ഇന്നലെ മുതൽ എത്തിത്തുടങ്ങിയത്. പതിവ് അസംബ്ലിയും ബെല്ലടിക്കുമ്പോൾ കൂട്ടം കൂടിയുള്ള പോക്കുമൊന്നും പുതിയ തുടക്കത്തിൽ കാണാനായില്ല. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി ഉറപ്പ് വരുത്തി, വിദ്യാർത്ഥികൾ ഇന്നലെയോളം ശീലിച്ചിട്ടില്ലാത്ത പുത്തൻ അനുഭവങ്ങളിലാണ് ക്ലാസുകൾ ആരംഭിച്ചത്.
രക്ഷിതാവ് ഒപ്പിട്ട സാക്ഷ്യപത്രവുമായാണ് കുട്ടികൾ എത്തിയത്. തെർമൽ സ്കാനർ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷമാണ് ക്ലാസുകളിൽ പ്രവേശിച്ചത്. മാസ്ക് ധരിച്ചാണ് കുട്ടികൾ എത്തിയതെങ്കിലും പുനരുപയോഗിക്കാൻ സാധിക്കുന്ന മാസ്കുകൾ സ്കൂളുകളിൽ നിന്നു നൽകി. കെ.എസ്.ഡി.പിയുടെ സാനിട്ടൈസറുകളും കയർ കോർപ്പറേഷൻ വികസിപ്പിച്ച സാനിമാറ്റും മിക്ക സ്കൂളുകളിലും ഉറപ്പാക്കിയിരുന്നു. ആദ്യ ദിനത്തിൽ പഠനത്തെക്കാളുപരി ബോധവത്കരണ ക്ലാസുകളാണ് നടന്നത്. പ്രൈമറി ഹെൽത്ത് സെന്ററുകളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ കുട്ടികൾക്ക് വ്യക്തി, സാമൂഹിക ശുചിത്വത്തെയും, സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രസക്തിയെയും കുറിച്ച് ക്ലാസ് നൽകി. ജില്ലാ ആരോഗ്യവിഭാഗം തയ്യാറാക്കിയ ഹ്രസ്വ വീഡിയോ പല സ്കൂളുകളിലും പ്രദർശിപ്പിച്ചു. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ പരമാവധി 15 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയുമായിരുന്നു ക്ലാസുകൾ.
പതിയെ തുടക്കം
മാസങ്ങളോളം വീട്ടിൽ ഒതുങ്ങേണ്ടി വന്നതിന്റെയും ഓൺലൈൻ പഠനത്തിന്റെയും പശ്ചാത്തലത്തിൽ നിന്നു വന്നതിനാൽ കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ക്ലാസുകളാവും അടുത്ത കുറച്ചു ദിവസങ്ങളിൽ നടക്കുക. അദ്ധ്യാപകരുമായി ഇടപെട്ട് പഠനാന്തരീക്ഷത്തിലേക്ക് എത്തിക്കഴിഞ്ഞാൽ പരീക്ഷയ്ക്ക് കൂടുതൽ ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ പഠിപ്പിച്ചു തുടങ്ങും. മാർച്ചിൽ നടക്കുന്ന പൊതുപരീക്ഷയ്ക്കുള്ള അവസാനവട്ട തയ്യാറെടുപ്പും റിവിഷനുമാണ് വരുംദിവസങ്ങളിൽ നടക്കുന്നത്.
സ്ക്വാഡ് രൂപീകരിച്ചു
വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ ഓഫീസർമാരുടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇവർ നാലു വിദ്യാഭ്യാസ ജില്ലകളിലെയും സ്കൂളുകൾ സന്ദർശിച്ച് വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാ മാർഗ്ഗ നിർദേശങ്ങളും അനുസരിച്ചാണ് സ്കൂളുകൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കും.
ഏതെങ്കിലും രോഗ ലക്ഷണങ്ങളുള്ള കുട്ടികൾ നേരിട്ട് സ്കൂളിൽ വരേണ്ടതില്ല. പത്താം ക്ലാസിലെ കുട്ടികൾക്ക് ജനുവരി 15 വരെയും പ്ലസ്ടു ക്ലാസിലെ കുട്ടികൾക്ക് 30 വരെയും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാം
ധന്യ ആർ.കുമാർ, വിദ്യാഭാസ ഉപഡയറക്ടർ
നേരിട്ടുള്ള പഠനം ഓൺലൈൻ ക്ലാസിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അദ്ധ്യാപകരോട് നേരിട്ട് സംശയങ്ങൾ ചോദിക്കാം. പരീക്ഷയെക്കുറിച്ചുള്ള ടെൻഷൻ സ്കൂളിൽ എത്തിയപ്പോൾ തന്നെ കുറഞ്ഞു. സ്കൂൾ തുറക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കൂട്ടുകാരുമൊത്തുള്ള ഒരുപാട് ദിനങ്ങൾ നഷ്ടമായി. വീണ്ടും സ്കൂളിൽ എത്താനായതിൽ സന്തോഷമുണ്ട്
എസ്.ശ്രീലക്ഷ്മി, പത്താം ക്ലാസ് വിദ്യാർത്ഥി, ടി.ഡി ഹൈസ്കൂൾ, ആലപ്പുഴ