s

രാജാകേശവദാസ് സ്മാരകം സംരക്ഷിക്കാനാളില്ല

ആലപ്പുഴ: ആലപ്പുഴ പട്ടണത്തിന്റെ ശില്പി രാജാ കേശവദാസിന്റെ സ്മാരകം അവഗണനയിൽ. ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജംഗ്ഷനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിന് സമീപം എസ്.ഡി കോളേജ് മാനേജ്മെന്റിൽ നിന്ന് ജില്ലാ ഭരണകൂടം ഏറ്റുവാങ്ങിയ മൂന്ന് സെന്റിലാണ് 2013ൽ വെങ്കല പ്രതിമ സ്ഥാപിച്ചത്.

വികസനം എത്തിനോക്കാതെ കിടന്ന ആലപ്പുഴയെ തുറമുഖ വ്യാപാര പട്ടണമായി വികസിപ്പിച്ചത് തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസാണ്. കാടു പിടിച്ച അവസ്ഥയിലാണ് ശിലാഫലകം. ചുറ്റുമതിൽ തകർന്ന് നിറം മങ്ങിയ നിലയിലും. സ്മാരകത്തെ പരിചരിക്കാൻ കൃത്യമായ കമ്മിറ്റിയോ ഫണ്ടുകളോ ഇല്ലാതായി. കാഴ്ച പോലും മറയ്ക്കുന്ന വിധം പ്രദേശമാകെ പരസ്യ ബോർഡുകൾ നിറഞ്ഞു.

രണ്ട് നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ 2010ലെ സംസ്ഥാന ബഡ്ജറ്റിലാണ് രാജാകേശവദാസ് സ്മാരകത്തിനു വേണ്ടി സർക്കാർ ഫണ്ട് അനുവദിച്ചത്. 25 ലക്ഷമായിരുന്നു ചെലവ്. 15 ലക്ഷം സംസ്ഥാന സർക്കാരും 10 ലക്ഷം നഗരസഭയും നൽകി. കളക്ടർ കൺവീനറായ കമ്മിറ്റിയാണ് മേൽനോട്ടം വഹിച്ചത്.

ശില്പി വിൽസൺ പൂക്കായിയാണ് പ്രതിമ നിർമ്മിച്ചത്. എന്നാൽ സ്മാരകം സമർപ്പിച്ച ശേഷം ആരും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാതെയായി.

ആർക്കാണ് ഉത്തരവാദിത്തം?

കളക്ടർ കൺവീനറായ കമ്മിറ്റിയാണ് സ്മാരക നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. നിലവിലെ സ്മാരകം നഗരത്തിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്നതിനാൽ രാജാകേശവദാസിന്റെ മെഴുകു പ്രതിമ ആലപ്പുഴ പിക്നിക് സ്പോട്ടിൽ സ്ഥാപിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മൂന്നര ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും അതും മുന്നോട്ടു പോയില്ല. കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണോ, ആലപ്പുഴ നഗരസഭയാണോ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണോ സ്മാരകത്തെ പരിചരിക്കേണ്ടതെന്ന കാര്യത്തിൽ ധാരണയില്ല.

സ്മാരകത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ മുൻ കൗൺസിലിന്റെ കാലത്ത് അധികൃതരെ നിരവധി തവണ സമീപിച്ചിരുന്നു. സ്മാരകത്തിന്റെ പരിചരണ ചുമതല ആർക്കാണെന്ന കാര്യത്തിൽ ആദ്യം വ്യക്തത വരുത്തേണ്ടതുണ്ട്. നഗരസഭയ്ക്ക് ചുമതല ലഭിച്ചാൽ പുനരുദ്ധരിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കും. മറ്റ് വകുപ്പുകൾക്കാണ് ഉത്തരവാദിത്തമെങ്കിൽ അവരിൽ സമ്മർദ്ദം ചെലുത്തും

ഇന്ദു വിനോദ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ

രാജാകേശവദാസ് സ്മാരകത്തിന്റെ ചുമതല ടൂറിസം പ്രൊമോഷൻ കൗൺസിലിന് കൈമാറിയിട്ടില്ല. ഒരിക്കൽ പ്രദേശം കാടുപിടിച്ചു കിടന്നപ്പോൾ ജില്ലാ ഭരണകൂടത്തിന്റെ നി‌ർദ്ദേശപ്രകാരം വൃത്തിയാക്കി നൽകിയിരുന്നു

എം.മാലിൻ, ഡി.ടി.പി.സി സെക്രട്ടറി