ഒരുപേരിൽ ഉറച്ചു നിന്നത് ജില്ലാ നേതാവ്
ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ അദ്ധ്യക്ഷ പദം രണ്ടരവർഷം വീതം ഇന്ദു വിനോദിനും കെ.കെ.ജയമ്മയ്ക്കും പങ്കിട്ടു നൽകാൻ തീരുമാനിച്ചതോടെ നഗരത്തിലെ സി.പി.എമ്മിൽ പ്രതിഷേധ സ്വരം അവസാനിച്ചെങ്കിലും ഇതേച്ചൊല്ലിയുള്ള ചർച്ചകൾ സജീവം. പ്രതിഷേധം ഉയരുന്നതിനു മുമ്പുതന്നെ ഇങ്ങനെയൊരു തീരുമാനം ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നുവെന്നാണ് അറിയുന്നത്.
നഗരസഭ അദ്ധ്യക്ഷയെ തീരുമാനിക്കാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ, അദ്ധ്യക്ഷ സ്ഥാനം പങ്കിടണമെന്ന അഭിപ്രായം ജി.സുധാകരൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ചില നേതാക്കൾ ഒരു പേരിൽ ഉറച്ചു നിന്നതോടെ ആ വഴിക്ക് തീരുമാനമെത്തുകയായിരുന്നു. ജയമ്മയും ഇന്ദുവും രണ്ട് ഏരിയ കമ്മിറ്റികളുടെ പരിധിയിൽ നിന്നുള്ളവരായതിനാൽ രണ്ട് ഏരിയയ്ക്കും പ്രാതിനിദ്ധ്യം നൽകാനും പാർട്ടിക്ക് വേണ്ടി പോരാടിയ വനിത എന്ന നിലയിൽ ജയമ്മയ്ക്ക് രണ്ടരവർഷം നൽകണമെന്നുമാണ് സുധാകരൻ ആവശ്യപ്പെട്ടത്. എന്നാൽ ഇന്ദു വിനോദിൽ ജില്ലാ സെക്രട്ടറി നിലയുറപ്പിക്കുകയായിരുന്നു.
ജില്ലയിൽ തിളങ്ങുന്ന ജയം എൽ.ഡി.എഫും സി.പി.എമ്മും കൈവരിച്ചപ്പോഴും ജയമ്മയ്ക്ക് അദ്ധ്യക്ഷ സ്ഥാനം നൽകാത്തതിനെതിരെ പരസ്യ പ്രതിഷേധം ഉയർന്നത് ഇതിന്റെ ശോഭ കെടുത്തുന്നതായി മാറി. സെക്രട്ടേറിയറ്റിൽ കൂടുതൽ ചർച്ച നടത്തി രണ്ട് പേർക്കുമായി ആദ്യമേ സ്ഥാനം പങ്കിട്ടുകൊടുത്തിരുന്നെങ്കിൽ പ്രതിഷേധം ഒഴിവാക്കാൻ കഴിയുമായിരുന്നെന്നാണ് മുതിർന്ന നേതാക്കളുടെ വാദം.
സംസ്ഥാന സമിതിയുടെ അനുമതി ലഭിച്ചാലെ ഇങ്ങനെയൊരു തീരുമാനം നടപ്പാക്കാനാകുമായിരുന്നുള്ളൂ. പ്രത്യേക സാഹചര്യം സംസ്ഥാന സമിതിയെ ബോദ്ധ്യപ്പെടുത്തി അനുകൂല തീരുമാനമെടുക്കാൻ അന്നേ കഴിയുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ വിഷയത്തിൽ ജി.സുധാകരനെതിരെ ചില കേന്ദ്രങ്ങൾ നടത്തുന്ന സൈബർ ആക്രമണം പാർട്ടി ഗൗരവമായാണ് കാണുന്നത്. ജില്ലയിൽ പാർട്ടിക്ക് ഏറ്റവും വലിയ വിജയം ലഭിച്ച മണ്ഡലമാണ് അമ്പലപ്പുഴ. ജി.സുധാകരനെ വ്യക്തിപരമായി ആക്രമിക്കാൻ ലഭിക്കുന്ന അവസരങ്ങൾ 'പ്രയോജന'പ്പെടുത്തുന്നത് ഇതാദ്യമല്ല. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഇപ്പോഴുള്ള നീക്കമെന്നറിയുന്നു. മാരാരിക്കുളം ഏരിയ സെക്രട്ടറി തീരുമാനവും ആലപ്പുഴ നഗരസഭയിലെ അദ്ധ്യക്ഷ പ്രശ്നവും കൂട്ടിക്കെട്ടിയാണ് ജി.സുധാകരനെതിരെയുള്ള നീക്കം.