ഓണറേറിയവും ഇൻസെന്റീവും കൃത്യമായി ലഭിക്കുന്നില്ല
ആലപ്പുഴ: മഹാമാരി പടർന്നുപിടിക്കുന്ന കാലത്ത് ഉത്തരവാദിത്തപ്പെട്ട ജോലി ഏറ്റെടുത്ത് സാധാരണക്കാർക്ക് കൈത്താങ്ങാവുന്ന ആശാപ്രവർത്തകർക്ക് ഓണറേറിയവും ഇൻസെന്റീവും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് പരാതി. മാസങ്ങൾ കുടിശിക വരുത്തിയാണ് പലപ്പോഴും ഓണറേറിയം വിതരണം ചെയ്യുന്നത്. കൊവിഡ് പടർന്നുപിടിച്ചതോടെ വലിയ ജോലിഭാരമാണ് ആശമാർക്കുള്ളത്. ഓണറേറിയവും ഇൻസെന്റീവും അടക്കം മാസം 8000 രൂപയാണ് ഇവർക്ക് വേതനം.
സേവനം കണക്കിലെടുത്ത് വേതനം 20,000 രൂപയിലേക്ക് ഉയർത്തണമെന്നാണ് ആശ വർക്കർമാരുടെ പ്രധാന ആവശ്യം. ജനുവരി 17ന് നടക്കുന്ന പോളിയോ നിർമ്മാജന പരിപാടിയിലും വലിയ പങ്കാണ് ആശമാർ വഹിക്കേണ്ടത്. അവരവരുടെ പരിധിയിൽ വരുന്ന കുട്ടികളുടെ ലിസ്റ്റ് ശേഖരിച്ച് രക്ഷിതാക്കളെ പോളിയോ തിയതി അറിയിക്കാനുള്ള ഉത്തരവാദിത്തം ആശമാർക്കാണ്.
തലേദിവസം ബൂത്തുകൾ സജ്ജമാക്കണം. പോളിയോ ദിനത്തിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ കേന്ദ്രത്തിൽ ആശമാരുടെ സാന്നിദ്ധ്യം ഉണ്ടാവണം. പോളിയോ സ്വീകരിക്കാനെത്താത്തവരെ വീണ്ടും ബോധവത്ക്കരണം നടത്തി എത്തിക്കാനുള്ള ചുമതലയും ഇവരുടേതാണ്. ദിവസങ്ങളോളം ഫീൽഡ് പ്രവർത്തനത്തിനിറങ്ങുന്നവർക്ക് പോളിയോ ദിനത്തിൽ ലഭിക്കുന്ന വേതനം വെറും 75 രൂപയാണ്. ഇത് 600 രൂപ നിരക്കിലേക്ക് ഉയർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. എല്ലാ ദിവസവും ഫീൽഡ് തലത്തിൽ ജോലിക്കിറങ്ങുന്നവർക്ക് ആവശ്യത്തിനുള്ള മാസ്ക്ക്, ഫെയ്സ് ഷീൽഡുകൾ, സാനിട്ടൈസർ എന്നിവ ഇനിയും പൂർണമായി നൽകിയിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഇൻസെന്റീവ് പൂർണമായി വിതരണം ചെയ്തിട്ടില്ല
ഓണറേറിയം ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കണം
ആവശ്യങ്ങൾ
പ്രതിമാസ വേതനം 20000 രൂപയായി ഉയർത്തണം
കൊവിഡ് റിട്ട് അലവൻസായി 15000 രൂപ നൽകണം
വേതനം അതത് മാസങ്ങളിൽ കൃത്യമായി നൽകണം
ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകണം
പോളിയോ ഇമ്മ്യുണൈസേഷൻ പ്രതിദിന വേതനം 75 രൂപയിൽ നിന്ന് ഉയർത്തണം
''നാട്ടിൽ ആരോഗ്യസംബന്ധമായ എന്ത് കാര്യത്തിനും ആദ്യം വിളിയെത്തുന്നത് ആശമാർക്കാണ്. വേതനം നൽകുന്നതിൽ വരുത്തുന്ന കാലതാമസം ആശാപ്രവർത്തകരോട് ചെയ്യുന്ന ക്രൂരതയാണ്
- എം.എ.ബിന്ദു, സംസ്ഥാന ജനറൽ സെക്രട്ടറി,
കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ