ആലപ്പുഴ: കുറഞ്ഞപലിശയ്ക്ക് ലഭിക്കേണ്ട വായ്‌പകൾ കൂടിയപലിശയ്ക്ക് വിദേശത്തുനിന്നെടുത്ത് കോടികളുടെ വെട്ടിപ്പുനടത്തിയ ജില്ലയിലെ മന്ത്രിയുടെ തെളിവുകൾ ഉടൻ പുറത്തുവരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വിജയിച്ച ബി.ജെ.പി പ്രതിനിധികളുടെ സംഗമവും ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ശക്തി കാട്ടിയിട്ടും സി.പി.എം നേട്ടമുണ്ടാക്കി എന്ന് പറയുന്നത് കോൺഗ്രസിന്റെ സമ്പൂർണ പരാജയം കൊണ്ടാണ്. സി.പി.എം - കോൺഗ്രസ് ഒത്തുകളി ഇല്ലായിരുന്നു എങ്കിൽ ഇപ്പോഴുള്ളതിന്റെ രണ്ടിരട്ടി സീറ്റുകൾ കൂടി ബി.ജെ.പിക്ക് ലഭിക്കുമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ജനപ്രതിനിധികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, ദേശീയ സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വനിദേവ്, മേഖല ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, മേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ, ജില്ലാ ഭാരവാഹികളായ കെ.ജി.കർത്ത, എൽ.പി.ജയചന്ദ്രൻ, സി.എ.പുരുഷോത്തമൻ, ടി.സജീവ് ലാൽ, സജു ഇടകല്ലിൽ ,ജില്ലാ സെൽ കോ ഓർഡിനേറ്റർ ജി. വിനോദ് കുമാർ, ശ്രീദേവി വിപിൻ, വിമൽ രവീന്ദ്രൻ, അഡ്വ.പി.കെ. ബിനോയ്, കെ.പ്രദീപ് എന്നിവർ സംസാരിച്ചു.