അരൂർ: പഞ്ചായത്തിലെ താല്ക്കാലിക ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അരൂർ പഞ്ചായത്ത് ഓഫീസ് അടച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയടക്കം 10 ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിച്ചു. ചന്തിരൂർ സ്വദേശിയായ ജീപ്പ് ഡ്രൈവർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥത മൂലം എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് ജീവനക്കാർക്ക് തിങ്കളാഴ്ച ആന്റി​ജൻ പരിശോധന നടത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ജവഹർ പറഞ്ഞു. അണുനശീകരണത്തിനു ശേഷം ചൊവ്വാഴ്ച്ച ഓഫീസ് തുറക്കുമെങ്കിലും. സ്റ്റാഫില്ലാത്തതിനാൽ ഫ്രണ്ട് ഓഫീസ് സേവനം മാത്രമേ ലഭിക്കുകയുള്ളു.