ആലപ്പുഴ: കൊവിഡ് വാക്സിനേഷനുള്ള മുന്നൊരുക്കങ്ങൾക്ക് ജില്ലയിൽ തുടക്കമായി. വാക്സിനേഷന് നിയോഗിച്ചിട്ടുള്ള ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകി. നാല് ജില്ലകളിൽ ഇന്നലെ നടന്ന ഡ്രൈ റൺ ഇവിടെയും നടത്താനുള്ള തയ്യാറെടുപ്പ് പൂർത്തീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലം നൽകുന്ന മാനദണ്ഡപ്രകാരമാണ് മുന്നൊരുക്കങ്ങൾ. വാക്സിൻ എത്തി കഴിഞ്ഞാൽ മാത്രമേ കുത്തിവയ്പ് നടത്തുന്നതിനുള്ള അന്തിമ ക്രമീകരണം ഒരുക്കാൻ കഴിയൂ.
വാക്സിനേഷനുള്ള ആശുപത്രികൾ
ജനറൽ ആശുപത്രി, ജില്ലാ-താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവടിങ്ങളാണ് വാക്‌സിനേഷന് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് അന്തിമ തീരുമാനം ഉണ്ടാകും.
ആദ്യം ഘട്ടത്തിൽ
ജില്ലയിലെ സർക്കാർ,സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന 20,000ൽ അധികം വരുന്ന ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകും.
അടുത്ത ഘട്ടത്തിൽ
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ്,റവന്യൂ, തദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ, ഹോംഗാർഡ്, ആശാ വർക്കർമാർ, ഐ.സി.ഡി.എസ്,അങ്കണവാടി ജീവനക്കാർ എന്നിവർക്ക് രണ്ടാം ഘട്ടത്തിലും 50നും 60നും ഇടയിൽ പ്രായമുള്ളവർ, 50 വയസിൽ താഴെ പ്രായമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് മൂന്നാം ഘട്ടത്തിലും പിന്നീട് എല്ലാവർക്കും വാക്സിൻ നൽകാനുമാണ് കേന്ദ്ര സർക്കാർ നിർദേശം.
16,785 : വാക്സിനേഷനായി ഇന്നലെ വരെ ജില്ലയിൽ രജിസ്റ്റർ ചെയ്തവർ
500 : കുത്തിവയ്പ് നടത്തുന്നതിന് 500 പേർക്ക് പരിശീലനം നൽകി
90 : വാക്സിൻ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് 90 കേന്ദ്രങ്ങൾ
"കൊവിഡ് പ്രതിരോധ വാക്സിൻ ലഭിക്കുമ്പോൾ ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് കുത്തിവയ്പു നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തീകരിച്ചു. 500 പേരെ വാക്സിനേഷനായി നിയോഗിച്ചിട്ടുണ്ട്.
ഡോ. എൽ.അനിതകുമാരി, ഡി.എം.ഒ