ലോറിയിടിച്ച് ട്രാഫിക് സിഗ്നൽ തകർന്നിട്ട്
ഒരുവർഷം
നൂറിലധികം അപകടങ്ങളാണ് ഇവിടെ നടന്നത്
ഇന്നലെ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു
കായംകുളം: കായംകുളത്ത് ദേശീയ പാതയിൽ കോളേജ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലോറിയിടിച്ച് തകർന്നിട്ട് ഒരുവർഷം പൂർത്തിയായിട്ടും പുന:സ്ഥാപിക്കാൻ നടപടിയില്ല. ഇതിനിടയിൽ നൂറിലധികം അപകടങ്ങളാണ് ഇവിടെ അരങ്ങേറിയത്.
ഇന്നലെ വെളുപ്പിനുണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചിട്ടും അധികൃതർക്ക് അനക്കമില്ല.
വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ ഇവിടുത്തെ രണ്ടു സിഗ്നൽ പോസ്റ്റുകൾ തകരുകയായിരുന്നു. ലോറിയുടമ നഷ്ട പരിഹാരം അടച്ചിട്ടും പുന:സ്ഥാപിക്കുവാനുള്ള നടപടികൾ ഉണ്ടായില്ല. സിഗ്നൽ പോസ്റ്റുകൾ നിലം പതിച്ചതോടെ ഇവിടുത്തെ ഗതാഗത നിയന്ത്രണം കീറാമുട്ടിയായി. ദേശീയപാതയിൽ ഏറ്റവും തിരക്കേറിയതും അപകടം നിറഞ്ഞതുമായ ഭാഗമാണ് ഇവിടം.
ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കായംകുളം - കാർത്തികപ്പള്ളി റോഡ്, മാർക്കറ്റ് റോഡ് എന്നിവയുടെ സംഗമസ്ഥാനമായ ജംഗ്ഷനിൽ നാലുഭാഗങ്ങളിൽ നിന്നായി എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുവാൻ ട്രാഫിക് ജീവനക്കാരും പാടുപെടുകയാണ്. ദേശീയപാതയുടെ വശങ്ങൾ താഴ്ചയായതും റോഡുകളുടെ വീതികുറവും ഗതാഗതം നിയന്ത്രിക്കുന്നവരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക് ഒരേപോലെ ഭീഷണിയാണ്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ചോരക്കളമായിമാറിയ ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത് . ഗതാഗതം സുഗമമാക്കാൻ സ്ഥാപിച്ച സിഗ്നലിലെ അശാസ്ത്രീയത യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുകയായിരുന്നു . കാർത്തികപ്പള്ളി റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ദേശീയപാത യിലേക്ക് കടക്കാൻ ഏറെ സമയം കാത്തുകിടക്കേണ്ടി വരുന്നതുമൂലം ഇരു റോഡുകളിലും വാഹനങ്ങൾ പെരുകുകയും ദേശീയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഇവിടങ്ങളിലേക്കു പ്രവേശിക്കാൻ കഴിയാതാവുകയും ചെയ്യുന്നതോടെ രൂക്ഷമായ ഗതാഗത തടസമാണ് ഇവിടെ.
....................
വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഓരോദിവസവും. ദേശീയപാതയിലേയ്ക്ക് കടക്കാൻ വാഹനങ്ങൾക്ക് ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നു. ദേശീയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഇങ്ങോട്ടും കടക്കാൻ പ്രയാസപ്പെടുന്നു. റോഡിന്റെ വശങ്ങൾ വീതികൂട്ടി ശാസ്ത്രീയമായി ട്രാഫിക് സിഗ്നൽ ലൈറ്റ് പുന:സ്ഥാപിക്കണം. നാട്ടുകാർ
....................
കോളേജ് ജംഗ്ഷൻ
കായംകുളം - കാർത്തികപ്പള്ളി റോഡ്, മാർക്കറ്റ് റോഡ് എന്നിവയുടെ സംഗമസ്ഥാനമാണ് കായംകുളെ കോളേജ് ജംഗ്ഷൻ