s

ബ്രാൻഡ് രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

ആലപ്പുഴ: വെളിച്ചെണ്ണയിലെ മായം തടയുന്നതിന് ബ്രാൻഡ് രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനത്ത് ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായാണ് നടപടി.

ഇതു സംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും ലോക്ക് ഡൗണിൽ ഇതിൽ ഇളവു വരുത്തി. എന്നാൽ, പുതുവർഷത്തിൽ ബ്രാൻഡ് രജിസ്ട്രേഷൻ കർശനമാക്കുകയായിരുന്നു. ഇനി മുതൽ ചില്ലറ വിൽപ്പനക്കാർ വെളിച്ചെണ്ണയുടെ ബ്രാൻഡ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം മൊത്ത വിതരണക്കാരിൽ നിന്ന് ഉറപ്പു വരുത്തേണ്ടതാണ്. ബ്രാൻഡ് രജിസ്‌ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണ വിൽപ്പന നടത്തുന്നവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കും. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോൾ അതേ ഉത്പന്നം തന്നെ വേറെ പേരുകളിൽ പുറത്തിറക്കുകയാണ് കഴിഞ്ഞ കുറേ നാളുകളായി നിർമ്മാതാക്കൾ പിന്തുടരുന്ന രീതി. തമിഴ്നാട്ടിൽ നിന്നുള്ള ഒരു കമ്പനിയുടെ മാത്രം നാല് വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സംസ്ഥാനത്ത് 100ലധികം ബ്രാൻഡുകളുടെ വെളിച്ചെണ്ണയാണ് നിരോധിച്ചത്. ഇതിൽ നല്ലൊരു ശതമാനം തമിഴ്നാട്ടിലെ എണ്ണ മില്ലുകളിൽ നിന്ന് എത്തുന്നതാണ്.

51: കഴിഞ്ഞ വർഷം നിരോധിച്ച ബ്രാൻഡുകൾ

5ലക്ഷം: മായം ചേർത്ത വെളിച്ചെണ്ണ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴ

കേരയുടെ മറവിലും തട്ടിപ്പ്

കഴിഞ്ഞ വർഷം കേരളത്തിൽ 51 ബ്രാൻഡുകളുടെ വെളിച്ചെണ്ണയാണ് ഗുണനിലവാരമില്ലെന്ന കാരണത്താൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചത്. ഇതിൽ 22 ബ്രാൻഡുകളും സർക്കാർ ബ്രാൻഡായ കേരയുടെ മറവിലായിരുന്നു വിറ്റഴിച്ചിരുന്നത്. ജില്ലയിൽ കേരയുടെ അപരൻമാർ ഇപ്പോഴും വ്യാപകമാണ്. ചെറിയ കടകളിലും ഗ്രാമങ്ങളിലുമാണ് ഇത്തരം മായം ചേർത്ത വെളിച്ചെണ്ണകൾ വ്യാപകമായി വിൽക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. രജിസ്ട്രേഷൻ എടുക്കേണ്ട വ്യാപാരികൾ ഭക്ഷ്യസുരക്ഷാ ലൈസൻസും ബ്രാൻഡ് പേരുകൾ അടങ്ങുന്ന ലേബലിന്റെ കോപ്പിയും സഹിതം ഭക്ഷ്യസുരക്ഷ ഓഫീസിൽ അപേക്ഷ നൽകണം. ഒരു നിർമാതാവിന് പരമാവധി നാല് ബ്രാൻഡുകൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവാദമുള്ളൂ. നിരോധിക്കപ്പെട്ട ഒരു ബ്രാൻഡും രജിസ്റ്റർ ചെയ്യാനാകില്ല.

നിരോധിച്ചാൽ

ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചാൽ പിന്നീട് അതേ സ്ഥാപനത്തിന് പുതിയ ബ്രാൻഡിന് അനുമതി നൽകുകയില്ല. സംസ്ഥാനത്തിന് പുറത്ത് നിന്ന് വെളിച്ചെണ്ണകൊണ്ടുവന്ന് പാക്ക് ചെയ്യുന്നവർ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതി വാങ്ങി ഭക്ഷ്യസുരക്ഷാ ലൈസൻസ് ലഭ്യമാക്കി ബ്രാൻഡ് രജിസ്ട്രേഷൻ നടത്തിയതിന് ശേഷമേ വിപണിയിൽ എത്തിക്കാവൂ എന്നും അധികൃതർ അറിയിച്ചു.


വ്യാജനെ പിടികൂടാൻ
അല്പം വെളിച്ചെണ്ണ ചെറിയ കുപ്പിയിൽ എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക. കുറച്ചു കഴിയുമ്പോൾ വെളിച്ചണ്ണ വേഗം കട്ടിയാകുന്നതു കാണാം. അതിൽ മറ്റ് എണ്ണകൾ കലർത്തിയിട്ടുണ്ടെങ്കിൽ അത് പ്രത്യേക പാളിയായി മാറും. ശുദ്ധമായ വെളിച്ചെണ്ണ ഇളം വെള്ള നിറത്തിൽ കാണാം. പാചകത്തിനിടയിലും വ്യാജനെ മനസ്സിലാക്കാം. ശുദ്ധമായ വെളിച്ചെണ്ണ ചൂടാകുമ്പോഴുള്ള ഗന്ധമല്ല മായം ചേർത്ത എണ്ണ ചൂടാക്കുമ്പോഴുണ്ടാകുന്നത്.

''ബ്രാൻഡ് രജിസ്‌ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണ വില്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മറ്റ് ജില്ലകളിൽ പിടികൂടുന്ന വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ ജില്ലയിലും വിൽപ്പനയ്ക്ക് എത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവ നിരോധിക്കും.

(ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ)