ആലപ്പുഴ: കൊന്നത്തെങ്ങുകൾ ആകാശത്തേയ്ക്ക് തല ഉയർത്തി​ നി​ൽക്കുന്ന കാഴ്ച്ച നാളി​കേരത്തി​ന്റെ നാട്ടി​ൽ നി​ന്നൊഴി​യുകയാണോ? പഴയ ഉയരം കൂടി​യ കൊന്നത്തെങ്ങുകളോട് കേരകർഷകർക്ക് പ്രി​യമി​ല്ലാത്തതാണ് ഈ സംശയത്തി​ന് പി​ന്നി​ൽ. സങ്കരയി​നം തെങ്ങുകളും കുള്ളൻ തെങ്ങുകളുമാണ് ഇവർക്ക് പ്രി​യങ്കരം.

നാളികേരത്തിന് വില വി​ലസ്ഥിരതയി​ല്ല. വരവും ചെലവും കൂട്ടിനോക്കിയാൽ കർഷകനു മിച്ചം നഷ്ടംമാത്രം. ഈ സാഹചര്യങ്ങളാണ് ഉത്പാദന ചെലവുകൂടുതലും ഉത്പ്പന്നങ്ങൾക്ക് വളരെ കുറവ് വിലയും ലഭിക്കുന്ന നാടൻ തെങ്ങുകളെ ഉപേക്ഷിക്കുന്നതി​ന് പി​ന്നി​ൽ. തെങ്ങ്കയറുവാൻ ആളെ കിട്ടാത്തതും പരിപാലന ചെലവ് കുറവായതും കുള്ളൻ തെങ്ങുകളെ ആകർഷകമാക്കുന്നു.

നാടൻ തെങ്ങുകൾ പ്രധാനമായും രണ്ടുതരത്തിലുണ്ട്.നെടിയതും കുറിയതും. ഇവ രണ്ടിനത്തിനും ഇടയിൽപ്പെട്ട ഒരിനവും കൂടിയുണ്ട്.15 മുതൽ 25 മീറ്റർവരെയാണ് നാടൻ തെങ്ങുകളുടെ ഉയരം. 80 മുതൽ 100 വയസുവരെയാണ് ഇവയുടെ ആയുസ്. കുള്ളൻ ഇനത്തിൽപ്പെട്ടവയുടെ ആയസാകട്ടെ 45ഉം.കുള്ളൻ ഇനങ്ങളും നാടൻ ഇനങ്ങളും തമ്മിൽ ബീജസങ്കലനംനടത്തിയാണ് സങ്കരയിനം തെങ്ങ് ഉത്പാദിപ്പിക്കുന്നത്. ഒരാൾക്ക് കയ്യെത്തി നാളികേരം പറിച്ചെടുക്കാൻ പരുവത്തിലാണ് മിക്ക സങ്കരയിനം തെങ്ങുകളും.ഇവയുടെ ആയുസാകട്ടെ 30 വർഷവും.
സങ്കരയിനം തെങ്ങുകൾ ഇപ്പോൾ കർഷകരുടെ പ്രിയപ്പെട്ടതാവുകയാണ്. നാടൻ തെങ്ങിനെക്കാൾ കായ്ഫലം കൂടുതൽ ലഭിക്കുന്നതുകൊണ്ടും. മറ്റ് ഉത്പാദനച്ചെലവുകൾ ഇല്ലാത്തതും രോഗപ്രതിരോധശേഷികൂടുതലുള്ളതു കൊണ്ടുമാണ്‌ കേരകർഷകർ സങ്കരയിനം തെങ്ങുകളെ ആശ്രയിക്കുന്നതിന്റെ പ്രധാനകാരണം. ലോകത്തിലെ ആദ്യ സങ്കരയിനം തെങ്ങായ ടി ഇന്റു ഡി മുതൽ ലക്ഷഗംഗ, കേരഗംഗ, അനന്തഗംഗ, കേരശ്രീ, കേരള സൗഭാഗ്യ എന്നീ ഇനങ്ങൾ വരെ എത്തി നിൽക്കുന്നു സങ്കരയിനം തെങ്ങുകളുടെ വൈവിധ്യം.നാടൻ തെങ്ങുകളെക്കാൾ വേഗത്തിൽ പുഷ്പിക്കുകയും ഉത്പാദനക്ഷമത വളരെവേഗം കൈവരിക്കുകയും ചെയ്യും ഇവ.

നാടൻ ഇനത്തിൽ ശരാശരി 60 നാളികേരം വർഷത്തിൽ ലഭിക്കുമ്പോൾ സങ്കരയിനങ്ങളിൽ 140 മുതൽ 250 വരെ എണ്ണം നാളികേരം ലഭിക്കുന്നു.

..............................

# വി​ത്തുതേങ്ങകൾ ലോഡ് കണക്കിന്

കുള്ളൻ തെങ്ങുകൾക്ക് കേരകർഷകർ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ ലോഡ് കണക്കിന് വിത്തുതേങ്ങകളാണ് ഇപ്പോൾ മറുനാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്. നാളികേര ഉത്പാദക സംഘങ്ങൾ മുൻകൈ എടുത്താണ് വിത്തു തേങ്ങകൾ എത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുമാണ് ജില്ലയിലേക്ക് കുഞ്ഞൻ തെങ്ങുകളുടെ വിത്ത് തേങ്ങകൾ കൂടുതലായും എത്തിക്കുന്നത്. മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന ഉയരംകുറഞ്ഞ തെങ്ങാണിത്. വിത്തുതേങ്ങകൾ മൂന്നുമാസത്തെ വളർച്ചയ്ക്കു ശേഷം തൈതെങ്ങുകളാക്കാം.

# കേരഗ്രാമം പദ്ധതി

ജില്ലയിൽ കേര കർഷകർക്ക് കൈത്താങ്ങായി കേരഗ്രാമം പദ്ധതി നടപ്പാക്കിവരുന്നുണ്ട്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും തെങ്ങുകൃഷിക്ക് പുത്തൻ ഉണർവേകാൻ പദ്ധതി സഹായിക്കും. പദ്ധതി​യെ ജനകീയാസൂത്രണ ത്തി​ലും ഉൾപ്പെടുത്തിട്ടുണ്ട്. 250 ഹെക്ടർ വീതം വിസ്തൃതിയുള്ള കേരഗ്രാമങ്ങളാണ് ലക്ഷ്യമിടുന്നത്. 50 ശതമാനം സബ്‌സിഡിയുണ്ട്.

പദ്ധതി​യി​ലെ ഉൗന്നൽ

തടമെടുക്കൽ, കുമ്മായം-രാസവളം-ജൈവവളം-മഗ്‌നീഷ്യം എന്നിവ ചേർക്കൽ, ഇടവിള കൃഷി, രോഗം ബാധിച്ച തെങ്ങ് മുറിച്ചു മാറ്റൽ, തെങ്ങിൻ തലപ്പ് വൃത്തിയാക്കൽ, മരുന്നു തളിക്കൽ, ജലസേചന സൗകര്യമൊരുക്കൽ, തെങ്ങുകയറ്റ യന്ത്രം വാങ്ങൽ, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്

50.17

സംസ്ഥാനാവിഷ്‌കൃത പ്ലാനിംഗ് ഫണ്ടിൽ നിന്ന് 50.17 ലക്ഷം രൂപയാണ് ഒരു കേര ഗ്രാമത്തിനായി നൽകുന്നത്.

ആദ്യഘട്ടത്തി​ലെ

പഞ്ചായത്തുകൾ 5

വയലാർ

മാരാരിക്കുളം വടക്ക്

പുന്നപ്ര വടക്ക്

മുതുകുളം

ചെറിയനാട്

............

" കേരളത്തിൽ നെടിയഇനം തെങ്ങുകളാണ് ഏറെയും. എന്നാൽ ഇന്ന് മിക്കവർക്കും സങ്കരയിനം, കുറിയ ഇനം തെങ്ങുകളോടാണ് താത്പര്യം. നിലത്ത് നിന്നുകൊണ്ട് തേങ്ങയിടാൻ കഴിയുന്നതുമാണ് ഇവയോടുള്ള പ്രിയത്തി​ന് കാരണം.

ഷീല, കേര കർഷക, മാരാരി​ക്കുളം